മിലാൻ: ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയ പ്രതി പ്രതി അനീസ് അംറി വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലാണ് മരണമെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ഇറ്റാലിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പിസാ മാക്ഷിയോയിൽ പുലർച്ചെ മൂന്നോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഇറ്റാലിയൻ ന്യുസ് മാഗസിൻ പനോരമ റിപ്പോർട്ട് ചെയ്തു. 

പോലീസിനു നേർക്ക് അംറിയാണ് ആദ്യം വെടിവച്ചതെന്ന് പറയുന്നു. സംഭവത്തിൽ ഒരു പോലീസുകരന് പരിക്കേറ്റു. ക്രിസ്റ്റ്യാൻ മൂവിയോ എന്ന പോലീസുകാരനാണ് പരിക്കേറ്റത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അംറി കൊല്ലപ്പെട്ടത്. 

അംറി വെള്ളിയാഴ്ച വെളുപ്പിന് ട്രെയിൻ മാർഗം മിലാനിൽ എത്തിയതായി ഇറ്റാലിയൻ പോലീസിന് അറിവു ലഭിച്ചിരുന്നു. ഫ്രാൻസിലെ ചാംബറിയിൽനിന്നും ഇറ്റലിയിലെ ടൂറിൻ വഴിയാണ് അംറി മിലാനിൽ എത്തിയത്.

ടുണിഷ്യൻ പൗരനായ അംറിയെ പിടികൂടുന്നവർക്ക് ജർമനി ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ബെർലിൻ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ഭീകരാക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ 48 പേർ ഇപ്പോഴും ചികിൽസയിലാണ്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്.