ജര്‍മന്‍ ഫുട്ബോള്‍ നായകനായിരുന്ന ഫിലിപ്പ് ലാമിനെക്കുറിച്ച് സുബീഷ് വാസുദേവ എഴുതുന്നു.
ലോകകപ്പിലും യൂറോ കപ്പിലും ചാമ്പ്യന്സ് ലീഗിലും ബുണ്ടസ് ലീഗയിലും അയാള് ലോക ഒന്നാം നിര താരങ്ങളെ മെരുക്കി. ചാമ്പ്യന്സ് ലീഗില് റൊണാള്ഡോയും മെസ്സിയുമെല്ലാം അയാളുടെ കത്രികപൂട്ടില് ഹതാശരായി. ഉയരക്കുറവായിരുന്നു അയാളുടെ വിജയം. ആ ചെറിയ ശരീരത്തിലെ വലിയ ബുദ്ധി ജര്മന് ഫുട്ബാളിലെ അനുകരിക്കാനാവാത്ത വലിയ പ്രതിബിംബം ആക്കി അയാളെ മാറ്റി. ജര്മന് ഫുട്ബോള് നായകനായിരുന്ന ഫിലിപ്പ് ലാമിനെക്കുറിച്ച് സുബീഷ് വാസുദേവന് എഴുതുന്നു.
2006 ലോകകപ്പ് ബയറണ് മ്യൂണിക്കിന്റെ പുതിയ തട്ടകം അലയന്സ് അരീന ലോകകപ്പിന്റെ ആദ്യ മത്സരത്തിനായി സുന്ദരിയായി അണിഞ്ഞൊരുങ്ങി നില്ക്കുകയാണ്. സ്റ്റേഡിയത്തില് 70000 ത്തില്പരം കാണികള്, 90 ശതമാനവും ജര്മനിയുടെ കറുപ്പും ചുവപ്പും മഞ്ഞയും മാത്രം. കോസ്റ്റാറിക്കക്കെതിരെയുള്ള ആദ്യ മത്സരത്തിന് ക്ലിന്സ്മാന് തന്റെ ടീമിനെ അണി നിരത്തി. മിഷേല് ബാലാക് നയിക്കുന്ന ടീമില് ഫുള് ബാക് ആയി പതിനാറാം നമ്പര് ജേഴ്സിയില് കുറിയ ഒരു കളിക്കാരന്. കണ്ടാല് സാധാരണ ജര്മന് കളിക്കാരെ പോലെ അത്ര ശക്തനൊന്നും അല്ല.
കളി തുടങ്ങി ആറാം മിനിറ്റില് മധ്യവരയുടെ വലതു വശത്തു നിന്ന് മിഷേല് ബാലാക് പന്ത്, ടോസ്റ്റണ് ഫ്രിങ്സിന് തള്ളി കൊടുക്കുന്നു, ഫ്രിങ്സ് അത് മുന് നിരയിലേക്കും. കോസ്റ്റാറിക്കന് മധ്യ നിരക്കാരുടെ ഇടയില് നിന്നും ബോറോവ്സ്കി ആ പന്ത് ബാസ്റ്റിന് ഷ്വയിന്സ്റ്റീഗറിന് മറിച്ചു കൊടുത്തു. ബാസ്റ്റിന് പന്ത് നിയന്ത്രിക്കാന് ശ്രമിക്കുമ്പോള് കോസ്റ്റാറിക്കന് കളിക്കാരനുമേല് തട്ടി മുന്നിലെ നാല് കോസ്റ്റാറിക്കന് പ്രതിരോധ നിരക്കാരുടെ ഇടയിലേക്ക്. അപകടം മണത്ത ക്ലോസെ തന്റെ നീളന് കാലുകള് കൊണ്ട് ഇടതു ഭാഗത്തേക്ക് തട്ടിയിട്ടു. ബാസ്റ്റിന് ഓടിയെടുക്കാം എന്ന് കരുതി കാണും. എന്നാല് ഈ സമയം പിന് നിരയില് നിന്ന് മിന്നല് പിണര് പോലെ നേരത്തെ കണ്ട കുറിയ മനിഷ്യന് ഓടിയെത്തി പന്ത് തന്റെ ഇടതു കാലില് നിയന്ത്രിച്ചു, മുന്നിലെ കോസ്റ്ററിക്കാന് ഡിഫന്ഡര്മാരെ മറികടക്കാന് കുതിച്ചു.
ബാസ്റ്റിന് ഇടതു വശത്തു ഓടിക്കയറിയെങ്കിലും ആ വിങ്ങറുടെ മനസ്സില് മറ്റൊന്നായിരുന്നു. തന്റെ വലതു തോളൊന്നു ചെരിച്ചു പന്ത് വലതു കാലിലേക്ക് മാറ്റി. മുന്നിലെ കോസ്റ്റാറിക്കന് പ്രതിരോധ ഭടന് ഡാനി ഫോണ്സെക്കയ്ക്കു ആ നീക്കം മനസിലാക്കാന് ആയില്ല അയാള് വീണു പോയി. ജര്മനിക്ക് അതാ ഒരു ഓപ്പണ് ചാന്സ്. ആ കുറിയ മനുഷ്യന് തന്റെ ശരീരം ഒന്ന് മുന്നോട്ടാഞ്ഞു ചെറുതാക്കി ഒരു നീളന് ലോബ്. എന്ത് സംഭവിച്ചു എന്ന് മനസിലാക്കും മുന്പേ മഴവില്ലു പോലെ വളഞ്ഞു ആ പന്ത് കോസ്റ്റാറിക്കന് വലയെ ചുംബിച്ചു.അതായിരുന്നു ആധുനിക യുഗത്തില് ലോകം കണ്ട ഏറ്റവും മികച്ച ജര്മന് ഫുള് ബാക്കിന്റെ ഉദയം. അയാളുടെ പേരാണ് ഫിലിപ്പ് ലാം...
ജര്മനിയുടെ വര്ഷങ്ങള് നീണ്ട കിരീടദാഹം അകറ്റാന് ജനിച്ച കളിക്കാരനെ പോലെ ആയിരുന്നു അയാള്. ഏതു പൊസിഷനിലും കളിയ്ക്കാന് കഴിയുന്ന ലാമിന്റെ സാന്നിധ്യം എതിരാളികളെ ഭയപ്പെടുത്തി.
ലോകകപ്പിലും യൂറോ കപ്പിലും ചാമ്പ്യന്സ് ലീഗിലും ബുണ്ടസ് ലീഗയിലും അയാള് ലോക ഒന്നാം നിര താരങ്ങളെ മെരുക്കി.ചാമ്പ്യന്സ് ലീഗില് ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും മെസ്സിയെയും ലാമിന്റെ തന്ത്രം പലവട്ടം വലച്ചു. ഉയരക്കുറവായിരുന്നു അയാളുടെ വിജയം. ആ ചെറിയ ശരീരത്തിലെ വലിയ ബുദ്ധി ആയിരുന്നു ജര്മന് ഫുട്ബാളിലെ അനുകരിക്കാനാവാത്ത വലിയ പ്രതിബിംബം ആക്കി അയാളെ മാറ്റിയത്.
2006 ലോക കപ്പില് മൂന്നാം സ്ഥാനം മാത്രമേ നേടിയുള്ളൂ എങ്കിലും ലോക കപ്പിന്റെ താരങ്ങളില് ഒരാള് ലാം ആയിരുന്നു. 690 മിനിട്ടു കളിച്ച ഏക ജര്മന് കളിക്കാരന്. ഡിഫന്ഡര് ആയാണ് കളിക്കുന്നതെങ്കിലും മാന്യമായ കളിയുടെ വക്താവായിരുന്നു ലാം. ബയറണ് മ്യുണിക്കിലായിരുന്നാലും നാഷണല് ടീമിലായിരുന്നാലും അപൂര്വം ആയി മാത്രം സബ് ചെയ്തിരുന്ന കളിക്കാരന് ആയിരുന്നു ലാം. ലാമിനെ പോലെ ലാമിന് മാത്രമേ കളിയ്ക്കാന് കഴിയുമായിരുന്നുള്ളൂ.
പതിനഞ്ചു വര്ഷത്തോളം ബയറണിലും,പത്തു വര്ഷത്തോളം ജര്മനിക്കും വേണ്ടി അയാള് കളിച്ചു. അയാളുടെ ചരിത്രത്തില് ഒരു റെഡ് കാര്ഡ് പോലും നിങ്ങള്ക്ക് കാണാന് കഴിയില്ല. മുന്നൂറിലധികം ക്ലബ്ബ് മത്സരങ്ങളില് വെറും 20 മഞ്ഞ കാര്ഡ് മാത്രം. ജര്മന് കുപ്പായത്തില് 10, അതിലൊന്ന് പോലും ചുവപ്പായി മാറിയില്ലെന്നതും കാണുമ്പോള് കളിക്കളത്തിലെത്തിയാല് കാളക്കൂറ്റന്മാരാകുന്ന ഇന്നത്തെ പല കളിക്കാരും ലാമിന്റെ മുന്പില് ചെറുതായി പോകുന്നത് കാണാം.
2006 ലെ ജര്മന് ലോക കപ്പിലെ ആദ്യ കളിയിലെ താരം ആയി ആരാധകര് തിരഞ്ഞെടുത്തത് ലാമിനെ ആയിരുന്നു. രണ്ടു വിങ്ങിലും ഒരേ പോലെ കളിക്കുന്ന ലാമിനെ കണ്ടത് 2008 യൂറോ കപ്പിലാണ്. ഫൈനലില് ജര്മനി സ്പെയിനോട് തോറ്റ കളിയില് പരിക്കേറ്റു പുറത്താകും വരെ ജര്മന് ടീമിന് വേണ്ടി ആ ടൂര്ണമെന്റില് മുഴുവന് സമയവും അയാള് കളിച്ചു. ലാമിന്റെ പിഴവിലായിരുന്നു സാവിയുടെ വിജയഗോള്. ലാമിന്റെ പന്തടക്കവും തന്ത്രവും വേഗവും കണ്ട ടൂര്ണ്ണമെന്റ് ആയിരുന്നു അത്. അയാള് വളരുകയായിരുന്നു.
ലാം ഒരു നായകനായി മാറുന്നത് തികച്ചും യാദൃശ്ചികമായാണ്. 2010 ലോകകപ്പു സമയത്തു ജര്മന് നായകന് മിഷേല് ബാലകിന് പരിക്കേറ്റതോടെ ടീം കോച്ച് ജ്വോക്വിം ലോ താരതമ്യേനെ പരിചയം കുറഞ്ഞ ലാമിനെ ടീമിന്റെ നായകന് ആക്കിയപ്പോള് എല്ലാവരും നേടി ചുളിച്ചു. ക്ലോസെയെ പോലെ സീനിയര് താരം ഉള്ളപ്പോള് ലാം ക്യാപ്റ്റന് ആയതു പലരെയും ചൊടിപ്പിച്ചു. ബയറണ് മ്യുണിക്കിന്റെ ഉപ ക്യാപ്റ്റന് ആയി പരിചയം ഉണ്ടായിരുന്ന ലാം ആ ലോക കപ്പില് ജര്മനിയെ നയിച്ച പ്രായം കുറഞ്ഞ ക്യാപ്റ്റന് എന്ന റെക്കോര്ഡും നേടി. ലാമിന്റെ തന്ത്രങ്ങളും വേഗമേറിയ നീക്കങ്ങളും ടീമിനെ സെമി ഫൈനല് വരെ എത്തിച്ചു. വീണ്ടും സ്പെയിനിന്റെ മുന്നില് തല കുനിച്ചു മടങ്ങിയെങ്കിലും ലാം എന്ന ക്യാപ്റ്റന്റെ തല ഉയര്ന്നു തന്നെ ഇരുന്നു.
തുടര്ന്ന് ജര്മനിയുടെ തേരോട്ടം ആയിരുന്നു. ബയറണിലും ജര്മന് ടീമിലും ലാം കപ്പിത്താന് ആയി. രണ്ടു ടീമും വിജയങ്ങള് ശീലമാക്കി. 2012 യൂറോ കപ്പിലും ജര്മനിയുടെ കാലിടറിയെങ്കിലും. ലാം കരുത്താനാവുകയായിരുന്നു. അയാളുടെ മനസ്സ് ലോക കപ്പിനായി തുടിച്ചു കൊണ്ടേ ഇരുന്നു. മഹന്മാരായ പിന്ഗാമികളുടെ നിരയില് തന്നെ ആണ് ലാമിന്റെ സ്ഥാനം. തന്ത്രജ്ഞനായ അയാളെ കുറിയനായ മാന്ത്രികന് എന്നാണ് ആരാധകര് വിളിച്ചത്. പന്ത് സ്വീകരിച്ചു വളരെ വേഗം കൃത്യമായ ഇടങ്ങളില് എത്തിക്കാന് ലാമിന് വലിയ കഴിവായിരുന്നു. തന്റെ ടീം അംഗങ്ങള് എവിടെയെല്ലാം ഉണ്ടെന്നു മനഃപാഠമാക്കി കളി മെനഞ്ഞു. ബയറണിലായാലും ജര്മന് ടീമിലായാലും അയാള് ഗ്രൗണ്ടില് കൂട്ടുകെട്ടുകള് ഉണ്ടാക്കി. ലാം കൂടുതല് അപകടകാരി ആയതു ബയറണില് ആര്യന് റോബനുമായി ചേരുമ്പോള് ആയിരുന്നു. വിങ്ങുകളിലൂടെ രണ്ടു പേരും ഓടി കയറി. ഓവര് ലാപ് ചെയ്തു പെനാല്റ്റി ബോക്സിലേക്ക് പന്തുമായി വരുമ്പോള് എതിരാളികളുടെ നെഞ്ചിടിച്ചു. ആര്യന് റോബന് നൃത്തം ചെയ്തു പന്ത് വലയിലെത്തിക്കുമ്പോള് ആ നീക്കത്തിന്റെ നൂല് ലാമിന്റെ ബൂട്ടില് നിന്നാകും തുടങ്ങിയിട്ടുണ്ടാവുക.
ജര്മന് ടീമില് മുള്ളറുടെയും ക്ലോസെയുടെയും ഗോളുകള്ക്ക് ബലമായി ലാമിന്റെ കൃത്യമായ ക്രോസ്സുകള് ഉണ്ടായിരുന്നു. ബോക്സിലേക്ക് ചാഞ്ഞിറങ്ങുന്ന അയാളുടെ ഷോട്ടുകള്ക്കു തലയോ കാലോ വെച്ചാല് മതിയായിരുന്നു മുന്നേറ്റ നിരക്ക്. മധ്യ നിരയില് കവിതയെഴുതാന് ഒരു പിടി മികച്ച താരങ്ങള് ഉണ്ടായിരുന്ന ജര്മനിക്കു അവരെ കോര്ത്തിണക്കാന് ഒരു നൂല് ആയിരുന്നു ലാം. പിന് നിരയില് ന്യൂയറുമായും മുന് നിരയില് ബാസ്റ്റ്യനും സംഘവുമായും ഒരു പാലം പോലെ അയാള് നില കൊണ്ടു. ടാക്കിളുകള് കൊണ്ട് എതിരാളികളുടെ നീക്കം കൃത്യമായി തടഞ്ഞു. അത്യാവശ്യ ഘട്ടങ്ങളില് വിങ്ങുകള് മാറി അയാളുടെ ക്രോസ്സുകള് എത്തി. ടീമിന് ആവിശ്യം എന്ന് തോന്നുമ്പോള് അയാളുടെ ബൂട്ടില് നിന്ന് ഗോളുകളും പിറന്നു.
ക്ലബ്ബിലായാലും ദേശീയ ടീമിലായാലും ലാം ഒരു പ്രശ്നക്കാരന് ആയിരുന്നില്ല അയാള്, ശാന്തനായ ഒരു ബവേറിയക്കാരന്. കളിക്കളത്തില് പ്രശനം തീര്പ്പാക്കുന്ന ഒരു കാരണവര്. മധ്യ നിരയില് പന്ത് കിട്ടാതെ കൂട്ട കലാശം നടക്കുമ്പോള് വിങ്ങുകളിലൂടെ ഊളയിട്ടിറങ്ങും ഇയാള്. തന്റെ ടീമിന് വഴിയൊരുക്കും. എതിരാളികളെ അര്ദ്ധ ചന്ദ്രാകൃതിയില് അവരുടെ ബോക്സില് വളയുമ്പോള് ഗോള് വലയിലേക്കുള്ള പഴുത് ഒരുക്കി കൊടുക്കാന് ലാം മിടുക്കനായിരുന്നു. വെറുതെ വിവാദങ്ങള് ഉണ്ടാക്കി നടക്കുന്ന ക്യാപ്റ്റന് ആയിരുന്നില്ല അയാള്.
എഫാന്ബെര്ഗിനെ പോലെ ചൂടാനോ, ഒലിവര് കാനേ പോലെ വഴക്കാളിയോ, ബല്ലാക്കിനെ പോലെ പ്രചോദനം നല്കുന്ന ആളോ ആയിരുന്നില്ല. പകരം ചിന്തിക്കുന്ന പ്രായോഗികമായി കാര്യങ്ങളെ നേരിടുന്ന, വൈകാരികമായി കളികളെ കാണുന്ന, ലോകകപ്പു ജയിക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ടായിരുന്ന ഒരു ക്യാപ്റ്റന് ആയിരുന്നു അയാള്. ഒരു യഥാര്ത്ഥ ജര്മന് പോരാളി.
2014 ലോകകപ്പ് താനടക്കം ഒരു പിടി താരങ്ങള് അടങ്ങിയ ജര്മന് സുവര്ണ്ണ നിരയുടെ അവസാന കപ്പാണ് എന്നറിഞ്ഞു കൊണ്ട് ബാസ്റ്റിന് ഷ്വയിന്സ്റ്റീഗര്ക്കു കൂടുതല് സ്വാതന്ത്ര്യം കൊടുത്തു. അഞ്ചാമത്തെ ഡിഫന്ഡര് ആയി മാനുവല് ന്യൂയറെ വളര്ത്തിയെടുത്തു. ജെറോം ബോട്ടെങ്ങിന്റെ കടുത്ത ടാക്കിളുകള്ക്കു മനഃപൂര്വം കണ്ണടച്ചു. ലോകകപ്പിലെ ഏറ്റവും കൂടുതല് ഗോള് എന്ന നേട്ടം ജര്മന്കാര്ക്ക് ചേര്ന്നതാണ് എന്ന് അടിയുറച്ചു വിശ്വസിച്ച ലാം മുന്പ് ഗെര്ഡ് മുള്ളര് കൈ വെച്ചിരുന്ന ആ നേട്ടം ബ്രസീല് താരം റൊണാള്ഡോയില് നിന്ന് തിരികെ ജര്മനിയില് എത്തിക്കാന് ക്ലോസെക്ക് സഹായം ചെയ്തും ലാം മഹാമേരു ആയി മാറി. ആര്ക്കും പകരം നില്ക്കാനാകാതെ. 2014 ലോക കപ്പില് ലാമിന്റെ തന്ത്രങ്ങള് വിജയം കണ്ടു. ജര്മനി വര്ഷങ്ങള്ക്കു ശേഷം ലോക കിരീടം നേടി.
തികഞ്ഞ ഒരു ബവേറിയക്കാരന് ആയിരുന്നു ലാം. കാരിയാറിന്റെ ആദ്യ ഘട്ടത്തില് സ്റ്റുട്ട് ഗുര്ട്ടില് ലോണില് കളിയ്ക്കാന് പോയതൊഴിച്ചാല് ഈ 33 വയസ്സിനിടയില് ഒരിക്കല് പോലും ബവേറിയന് ക്ലബ്ബ് വിട്ടു പോയിട്ടില്ല അയാള്. 2010 ലോക കപ്പിന് ശേഷം മാഞ്ചെസ്റ്ററും ചെല്സിയയും ലാമിന് വേണ്ടി വലയെറിഞ്ഞപ്പോള് ക്യപ്റ്റന് സ്ഥാനം നല്കി ബയറണ് തങ്ങളുടെ പ്രിയ പുത്രനെ പിടിച്ചു നിര്ത്തി. പകരം അയാള് ടീമിന് വേണ്ടി 8 ലീഗ് കിരീടം, 6 ജര്മന് കപ്പ്, ഒരു ചാമ്പ്യന്സ് ലീഗ് കിരീടം, ഒരു ക്ലബ് ലോക കപ്പ് എന്നിവ നേടി കൊടുത്തു. രാജ്യത്തിനായി ഒരു ലോക കപ്പും.
തനിക്കിനിയും കളിക്കാനുള്ള കഴിവുണ്ടായിട്ടും സ്വരം നന്നായി നില്ക്കുമ്പോള് തന്നെ ലാം പിന്വാങ്ങി.ബവേറിയ അല്ലാതെ തനിക്കു മറ്റൊരു ഇടമില്ലെന്നു പറഞ്ഞു പണം കൊഴുപ്പുള്ള മറ്റു ലീഗുകളില് കളിക്കാനും പോയില്ല കളിക്കളത്തിലും പുറത്തും തികഞ്ഞ മാന്യനായ ഈ കളിക്കാരന്. ദീര്ഘകാല സുഹൃത്തു ക്ലോഡിയ ഷാറ്റന്ബെര്ഗ് ആണ് ഭാര്യ, ജൂലിയന് അവരുടെ ഏക മകനും.
ലോക കപ്പിന് ശേഷം വിരമിച്ച ലാമിന് പകരം നിരവധി ക്യാപ്റ്റന്മാരെ കണ്ടു, ബാസ്റ്റിന്, ന്യൂയര്, മുള്ളര്, ഡ്രാക്സ്ലര് ആര്ക്കും ലാമിനെ പോലെ ആകാന് കഴിഞ്ഞിട്ടില്ല. ഒരു പരിധി വരെ ന്യൂയര് ടീമിന്റെ പ്രചോദനം ആയി നിലകൊള്ളുന്നു. ലാം ഒഴിച്ചിട്ട വലിയ വിടവ് പ്രതിരോധത്തിലാണ്. പറ്റിയൊരു പകരക്കാരനെ കണ്ടെത്താന് ജര്മനിക്കോ ബയറണോ ആയിട്ടില്ല. ജോഷുവ കിമ്മിച് എന്ന യുവ താരത്തിലാണ് എല്ലാ പ്രതീക്ഷയും.
സെബാസ്റ്റിയന് റൂഡി മറ്റൊരു പ്രതീക്ഷ ആണ്. ബയറണ് മ്യുണിച്ചില് രണ്ടു പേരും മികച്ച പ്രകടനം കാഴ്ച വെക്കുന്നു എങ്കിലും ലാമിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. യഥാര്ത്ഥ അവകാശിയെ തേടി. ആരൊക്കെ വന്നാലും ആ പതിനാറാം നമ്പറിന്റെ യഥാര്ഥ അവകാശിയെ ഒരിക്കലും മറക്കില്ല.
