സിറിയൻ അഭയാർത്ഥി പ്രശ്നത്തിന് പരിഹാരം കാണാൻ ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവർക്ക് നല്ല പേര് നേടിക്കൊടുത്തെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ജർമ്മൻ തലസ്ഥാനമായ ബർലിൻ സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇത്തവണ ജനങ്ങൾ നൽകിയത്. 

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത മെർക്കൽ അഭയാർത്ഥി പ്രശ്നം പരിഹരിക്കുന്നതിൽ തനിക്ക് പിഴവ് പറ്റിയെന്ന് സമ്മതിച്ചു. മധ്യ വലതുപക്ഷ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി 17.6 ശതമാനം വോട്ട് നേടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റു വാങ്ങിയപ്പോൾ ഭരണപക്ഷത്തിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രചരണം ശക്തമാക്കിയ സോഷ്യൽ ഡമോക്രാറ്റുകൾ തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കി. 

22 ശതമാനം വോട്ട് നേടി ഡെമോക്രാറ്റുകൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അഭയാർത്ഥി വിരുദ്ധ നിലപാട് പരസ്യമാക്കി പ്രചാരണം നടത്തിയ വലതു പാർട്ടിയായ എഎഫ്ഡി പാർട്ടി 14 ശതമാനം വോട്ട് നേടിയത് സിറിയൻ അഭയാർത്ഥികൾക്കെതിരെ ജർമ്മനിയിൽ ജനവികാരമുണ്ടെന്ന് വ്യക്തമാക്കുന്നു.

ഇതാദ്യമായാണ് എഎഫ്ഡി ബെർലിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി വിലയിരുത്തപ്പെട്ട ബെർലിനിലെ പരാജയം മെർക്കൽ ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എതിരാളികൾ പ്രധാനമായും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയത് അഭയാർത്ഥി പ്രശ്നമായതിനാൽ ആ വിഷയത്തിലെ മുൻ നിലപാട് തിരുത്തി ദേശീയ തെരഞ്ഞെടുപ്പിനൊരുങ്ങാനായിരിക്കും ഇനി ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി ശ്രമിക്കുക.