മെന്‍ഡിപത്താര്‍(മേഘാലയ): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വിദേശ യാത്രകള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് മുങ്ങിയ നീരവ് മോദിയെയും കൂട്ടിയിട്ടു വരണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

അങ്ങനെയാണെങ്കില്‍ രാജ്യത്തെ പറ്റിച്ച പണം തിരച്ചുവന്നെന്നോര്‍ത്ത് വളരെ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന രണ്ടാമത്തെ കാംപയിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.

നീരവ് മോദി വജ്രവ്യാപാരം നടത്തി. ഒപ്പം കുറേ സ്വപ്നങ്ങളും വിറ്റു. ഈ സ്വപ്നങ്ങളെല്ലാം കണ്ട് ഗവണ്‍മെന്‍റും നന്നായി ഉറങ്ങുമ്പോള്‍ പണവുമായി നീരവ് മോദി നാടുവിട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു മോദി ജനങ്ങള്‍ക്ക് കുറച്ച് സ്വപ്നങ്ങള്‍ വിറ്റിരുന്നു. 

അച്ഛേ ദിന്‍, എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം, രണ്ടു കോടി ജോലി എന്നിവയായിരുന്നു അ്.ഇന്ന് പക്ഷെ ജനങ്ങള്‍ക്ക് പണികിട്ടി തുടങ്ങിയിരിക്കുന്നു. വാക്കു പാലിക്കാനാകാത്ത ബിജെപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും മേഘാലയിലെ ജനങ്ങള്‍ അവര്‍ക്ക് മറുപടി കൊടുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.