ചെന്നൈ: ഒരു വിഭാഗം പ്രണയ ദിനം ആഘോഷമാക്കുമ്പോള്‍ പ്രണയ ദിനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടത്തുകയാണ് മറ്റൊരു വിഭാഗം. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും, വലന്റൈന്‍സ് ഡേ പാശ്ചാത്യ സംസാകരമാണെന്നും വാദിക്കുന്നവര്‍ യുവാക്കള്‍ വഴി തെറ്റിപ്പോകുമെന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. 

ചെന്നൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് പ്രവര്‍ത്തകര്‍ പട്ടിയെയും കഴുതയെയും വിവാഹം കഴിപ്പിച്ചാണ് പ്രണയദിനത്തോടുളള പ്രതിഷേധം പ്രകടിപ്പിച്ചത്. അഹമ്മദാബാദില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ സബര്‍മതി നദീതീരത്ത് ഇരിക്കുകയായിരുന്ന ദമ്പതികളെ ഉപദ്രവിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Scroll to load tweet…

ഹൈദരാബാദിലും പശ്ചിമ ബംഗാളിലും സമാനമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്നലെ വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബംഗാളില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. പ്രണയ ദിനത്തില്‍ ഒരുമിച്ചിരിക്കുന്നവരെ പിടിച്ച് വിവാഹം കഴിപ്പിക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. അവര്‍ക്ക് പ്രണയദിനം ആഘോഷിക്കാന്‍ അവകാശമുണ്ടെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് പ്രതിഷേധകരുടെ വാദം. 

പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് 50000 മുതല്‍ ഒരു ലക്ഷം രൂപ വരെ പാരിതോഷികം സര്‍ക്കാര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആടുകളെ തമ്മില്‍ വിവാഹം ചെയ്യിച്ചാണ് കര്‍ണാടക രക്ഷണ വേദിക പ്രണയ ദിനത്തിനെതിരെ പ്രതിഷേധിച്ചത്. 

തങ്ങള്‍ വാലന്റൈന്‍സ് ഡേയ്ക്ക് എതിര്‍ക്കുന്നില്ല. കാരണം പ്രണയത്തിന് ജാതിയോ മതമോ ഇല്ല. കേന്ദ്ര സര്‍ക്കാര്‍ പ്രണയ ദിനത്തില്‍ അവധി പ്രഖ്യാപിക്കണമെന്നും പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കണമെന്നും കര്‍ണാടക രക്ഷണ വേദിക അംഗം വറ്റല്‍ നാഗരാജ് പറഞ്ഞു. 

പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ വരുന്നത് വിലക്കി കഴിഞ്ഞ ദിവസം ലക്നൗ സര്‍വ്വകലാശാല സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കുറച്ച് വര്‍ഷങ്ങളായി പാശ്ചാത്യ സംസ്‌കാരം പിന്‍പറ്റി യുവാക്കള്‍ ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ആഘോഷിച്ചുവരികയാണ്. എന്നാല്‍ ഫെബ്രുവരി 14ന് ശിവരാത്രിയോടനുബന്ധിച്ച് സര്‍വ്വകലാശാലയ്ക്ക് അവധിയാണ്; സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 14 ന് ക്യാംപസില്‍ പ്രവേശിക്കുന്നതിനെ വിലക്കുന്നതായിരുന്നു സര്‍ക്കുലര്‍. 

Scroll to load tweet…

സര്‍വ്വകലാശാല ഭരണാധികാരി വിനോദ് സിംഗാണ് സര്‍ക്കുലറില്‍ ഒപ്പ് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ സമ്മാനങ്ങളോ, പൂക്കളോ ക്യംപസില്‍ കൊണ്ടുവരരുതെന്ന് ലക്നൗ സര്‍വ്വകലാശാല ഉത്തരവിറക്കിയത് വിവാദമായിരുന്നു