ന്യൂഡൽഹി: കശ്മീരിൽ തീവ്രവാദികളെ നേരിടുന്നത് പോലെ ജനങ്ങളെ നേരിടരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കരുതെന്നും ഗുലാംനബി ആസാദ് രാജ്യസഭയിൽ പറഞ്ഞു. തീവ്രവാദികളെ നേരിടുന്ന രീതിയിലാണ് കശ്മീരിലെ സാധാരണക്കാരായ ജനങ്ങളെ സൈന്യം കൈകാര്യം ചെയ്യുന്നത്. തീവ്രവാദം അവസാനിപ്പിക്കാനുള്ള സർക്കാർ നടപടിക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ട്. എന്നാൽ ജനങ്ങളെ ശത്രുസൈന്യത്തെപ്പോലെ നേരിടുന്നതിനെ പിന്തുണക്കുന്നില്ല. കശ്മീരിൽ നിലവിലെ സ്ഥിതി തൊണ്ണൂറുകളിലേതിനേക്കാൾ ഗുരുതരമാണ്.
തെക്കൻ കശ്മീരിലെ നാല് ജില്ലകളിൽ മാത്രം വൻതോതിൽ നാശനഷ്ടമുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. പത്തു ദിവസം കളഴിഞ്ഞും സംഘർഷാവസ്ഥ നിലനിൽക്കുന്നത് ജനങ്ങളുടെ മനസിൽ ആഴത്തിൽ മുറിവേറ്റതിന്റെ സൂചനയാണ്. ബിജെപി കേന്ദ്ര സർക്കാറിനെ കശ്മീരിലെ ജനങ്ങൾ അവിശ്വസിക്കുന്നുവെന്നും കോൺഗ്രസ് കേന്ദ്രം ഭരിച്ച കാലത്ത് കശ്മീരിലെ ജനങ്ങൾക്ക് സർക്കാരില്‍ വിശ്വാസമുണ്ടായിരുന്നെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
അതേസമയം കശ്മീരിൽ സംഘർഷം തുടരുകയാണെന്നും വിഘടനവാദികളും രാജ്യവും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും അരുൺ ജെയ്റ്റ്ലി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
