ഭ​ഗവാൻ ബുദ്ധന്റെ പ്രതിമ നിർമ്മിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഭന്റെ പ്രശീല്‍ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമക്കൊപ്പം ഗുജറാത്തില്‍ ബുദ്ധമത സര്‍വകലാശാലകൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടി ഉയരമുള്ള പ്രതിമക്ക് പിന്നാലെ ​ഗുജറാത്തിൽ ബുദ്ധന്റെ ഭീമന്‍ പ്രതിമ വരുന്നു. ബുദ്ധ വിശ്വാസികളുടെ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മിക്കുന്നത്. 80 അടി ഉയരമുള്ള ബുദ്ധന്റെ പ്രതിമ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മിക്കാനാണ് സംഘടനയുടെ തീരുമാനം.

പദ്ധതിയുടെ ഭാ​ഗമായി പട്ടേൽ പ്രതിമ രൂപകല്‍പ്പന ചെയ്ത ശില്‍പി രാം സുതറുമായി സംഘകായ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്. അതേ സമയം ഭ​ഗവാൻ ബുദ്ധന്റെ പ്രതിമ നിർമ്മിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സംഘകായ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഭന്റെ പ്രശീല്‍ രത്‌ന മാധ്യമങ്ങളോട് പറഞ്ഞു. പ്രതിമക്കൊപ്പം ഗുജറാത്തില്‍ ബുദ്ധമത സര്‍വകലാശാലകൂടി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ഗുജറാത്തിലെ ഭാവ്‌നഗറില്‍ വല്ലഭി എന്ന പേരില്‍ ബുദ്ധമത സര്‍വകലാശാലയുണ്ടായിരുന്നുവെന്നും നളന്ദ, തക്ഷശില തുടങ്ങിയ സര്‍കലാശാലകളെപ്പറ്റി വിവരിച്ചിട്ടുള്ള ചൈനീസ് സഞ്ചാരികളുടെ ചരിത്ര രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശീല്‍ രത്‌ന പറഞ്ഞു. ഇപ്പോൾ ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രമാണ് ബുദ്ധമത കേന്ദ്രങ്ങളുള്ളതെന്നും ഇനി പ്രതിമ സ്ഥാപിക്കുന്നതോടെ ഗുജറാത്തും അനുഗ്രഹീതമാകുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം ഗുജറാത്തിലെ സബര്‍കാന്ത് ജില്ലയിലുള്ള ദേവ് നി മോരി ബുദ്ധ പുരാവസ്തു കേന്ദ്രത്തിന് സമീപം ഭീമന്‍ സ്മാരകം നിര്‍മ്മിക്കാനും ഫൗണ്ടേഷൻ പദ്ധതിയിട്ടിട്ടുണ്ട്.