മകളെ വിറ്റ് കടം വീട്ടാൻ ശ്രമിച്ച് ആന്ധ്രാ സ്വദേശി ഒന്നരലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചത് 

ഹൈദരാബാദ്: പതിനഞ്ച് ലക്ഷം രൂപയുടെ കടത്തിലാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ജീവിതം. കടം വീട്ടാൻ യാതൊരു വഴിയും കാണാതെ വന്നപ്പോൾ തന്റെ പെൺമക്കളിലൊന്നിനെ വിൽക്കാം എന്നായിരുന്നു ഇയാൾ ചിന്തിച്ചത്. പന്ത്രണ്ട് വയസ്സുള്ള സ്വന്തം മകൾക്ക് അയാൾ നിശ്ചയിച്ച വില ഒന്നരലക്ഷം രൂപയാണ്. ഹൈദരാബാദിലാണ് മനസാക്ഷി മരവിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്.

നാല് പെൺമക്കളും ഒരു മകനുമാണ് മുപ്പത്തെട്ടുകാരനായ ആന്ധ്രാ സ്വദേശിക്കുള്ളത്. മാസങ്ങൾക്ക് മുമ്പ് തന്നെ ഇയാൾ മകളെ വിൽക്കുന്നതിനുള്ള കരാർ ഒപ്പിട്ടിരുന്നു. കുട്ടിയെ കൈമാറുന്ന കാര്യത്തിൽ നിരവധി നിബന്ധനകളുണ്ടായിരുന്നു എന്ന് ഇയാളുടെ ഭാര്യ വെളിപ്പെടുത്തുന്നു. തന്റെ മറ്റ് മക്കളെയും ഭർത്താവ് വിൽക്കുമെന്ന് ഈ സ്ത്രീക്ക് ഭയമുണ്ട്. ഒരിക്കൽ അഞ്ചുലക്ഷം രൂപയ്ക്ക് ഭാര്യയെ ബന്ധുവിന് വിൽക്കാനും മദ്യപാനിയായ ഇയാൾ ശ്രമിച്ചിരുന്നു. ഭാ​ര്യയോട് കരാറിൽ ഒപ്പിടാൻ പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. 

ഹൈദ​രാബാദിൽ നിന്ന് മൂന്നൂറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിലാണ് ഈ സ്ത്രീയും കുഞ്ഞുങ്ങളും ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് ഈ വീട്ടിലും എത്തി തങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. തന്റെ മക്കളെ ഇഷ്ടമുള്ളത് പോലെ ചെയ്യുമെന്നാണ് ഭർത്താവ് പറയുന്നതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. സുരക്ഷയെക്കരുതി പതിനേഴും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ റെസ്ക്യൂ ഹോമിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ശിശുക്ഷേമ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി പരാതിയിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.