ഉന്നാവോ: സൈക്കിളില്‍ ചന്തയിലേയ്ക്ക് പോയ പതിനെട്ടുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു. നൂറു ശതമാനം പൊള്ളലേറ്റ് കരിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞ പെട്രോള്‍ കന്നാസും തീപ്പെട്ടി കൂടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം വീട്ടിലേയ്ക്കുള്ള പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ കാണാതെയുള്ള തിരച്ചിലില്‍ ആണ് കത്തിക്കരിഞ്ഞ മൃതദേഹം വീട്ടില്‍ നിന്ന് അല്‍പം മാറിയുള്ള വയലില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സൈക്കിള്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. സൈക്കിളും ധരിച്ചിരുന്ന ചെരിപ്പും കണ്ടാണ് വീട്ടുകാര്‍ മൃതദേഹം കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ കൊലയിലേയ്ക്ക് നയിച്ച കാരണത്തേക്കുറിച്ചും വ്യക്തമായ സൂചന ഇനിയും കണ്ടെത്താനായിട്ടില്ല.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. കൊലയാളിയെക്കുറിച്ച് ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ല. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ 9.5 ശതമാനം അക്രമം നടക്കുന്നത് ഉത്തര്‍ പ്രദേശിലാണ്. സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 14.5 ശതമാനം അക്രമവും ഉത്തര്‍പ്രദേശിലാണ് നടക്കുന്നത്.
