പത്തനംതിട്ട: കടമ്മനിട്ടയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു . കോയന്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ജൂലൈ 14ന് രാത്രിയിലായിരുന്നു സംഭവം. ഇറങ്ങി വരാനാവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിന്റെ പേരില്‍ യുവാവ് പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 88 ശതമാനം പൊള്ളലോടെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ കടമ്മനിട്ട സ്വദേശി സജില്‍(20) പൊലീസിന്‍റെ പിടിയിലായിരുന്നു. ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് അയല്‍ വീടുകളില്‍ ജോലിക്ക് പോകുന്നു. പഠനം അവസാനിപ്പിച്ച പെണ്‍കുട്ടി വീട്ടില്‍ നില്‍ക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം ചെന്ന് നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി.
ഒരു മണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിയ്‌ക്കുകയും തീ കൊളുത്തി. ഇതിന് ശേഷം ഓടി രക്ഷപ്പെട്ട സജില്‍ പിറ്റേദിവസമാണ് പൊലീസ് പിടിയിലായത്.
