മുംബൈ: സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയില്‍ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മറാഠ്വാഡ മേഖലയില്‍ നാന്ദേഡ് ജില്ലയിലാണ് സംഭവം. പിതാവിന്റെ കയ്യില്‍ തന്റെ വിവാഹത്തിനുള്ള പണമില്ലാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണു താനെന്നും തുറന്നെഴുതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. 

മഹാത്മ ജ്യോതിബ ഫുലെ ജൂനിയര്‍ കോളജില്‍ പ്ലസ് ടുവിനു പഠിക്കുന്ന പൂജ വികാസ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകനാണ് പെണ്‍കുട്ടിയുടെ പിതാവ്. നാന്ദേഡ് നഗരത്തിനു സമീപം സഹോദരനൊപ്പം വാടകവീട്ടില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. 
സഹോദരന്‍ കോളജിലേക്ക് പോയ സമയത്ത് വാതിലടച്ച് വിഷം കഴിക്കുകയായിരുന്നു. 

ഇടയ്ക്ക് വീട്ടുടമ എത്തിയപ്പോള്‍ വാതില്‍ തുറന്നെങ്കിലും പൂജ കുഴഞ്ഞു വീണു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു. പിതാവിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ വിവാഹത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അച്ഛനോട് മാപ്പു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.