റാഞ്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭാര്യയെ പരാജയപ്പെടുത്തിയെന്നാരോപിച്ച് 13 വയസുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അറസ്റ്റിലായ നാല് പേരും സഹോദരങ്ങളാണ്. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലാണ് സംഭവം. പ്രേംലാല്‍ ഹന്‍സ്‍ഡ, സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി എട്ടിന് രാവിലെ ആറുമണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നാട്ടുകാരും പൊലീസും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പിറ്റേദിവസം തൊട്ടടുത്ത വനത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രേംലാലും സഹോദരങ്ങളുമാണ് സംഭവത്തിന്റെ പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വോട്ട് ചെയ്യാത്തത് കൊണ്ടാണ് ഭാര്യ തോറ്റതെന്നും ഇയാള്‍ ആരോപിച്ചു. ഇതിന് പ്രതികാരമായാണ് 13 വയസുകാരിരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്.