ദില്ലി: രാത്രി ഭക്ഷണം പാചകം ചെയ്യുന്നതില്‍ ഉണ്ടായ വാക്തര്‍ക്കത്തില്‍ യുവതി കാമുകനെ കുത്തി കൊലപ്പെടുത്തി. ശനിയാഴ്ച്ച വൈകുന്നേരം ദില്ലിയിലെ സ്വന്തം വീട്ടില്‍ വച്ച് 28 കാരി യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് എല്‍വി ഉജുമ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ശനിയാഴ്ച്ച വൈകുന്നേരം എസു എന്ന നൈജീരിയന്‍ യുവാവിനോട് തന്റെ വീട്ടില്‍ വരാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രി ആര് ഭക്ഷണം പാചകം ചെയ്യുമെന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. 

തര്‍ക്കം രൂക്ഷമായതോടെ എസു ഉജുമയെ ഇടിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കറി കത്തിയെടുത്ത് എസുവിനെ രണ്ടുതവണ കുത്തുകയായിരുന്നു. വീണ്ടും എസു യുവതിയെ ആക്രമിച്ചപ്പോള്‍ മറ്റൊരു മുറിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം യുവതി എസുവിനെ അന്വേഷിച്ചപ്പോള്‍ ചോര വാര്‍ന്ന് നിലത്ത് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.