ഇന്‍ഡോര്‍: നിധി കണ്ടെത്തിനല്‍കാമെന്ന് പറഞ്ഞ് കുടുംബത്തെ പറ്റിച്ച ശേഷം ബാലികയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. ഇരുപത്തിമൂന്നുകാരനായ അജയ് സൊനെയ്ന്‍ ആണ് പിടിയിലായത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിന് ഇയാളുടെ അമ്മയെയും അമ്മൂമ്മയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- ജനിക്കുമ്പോള്‍ ആദ്യം ശരീരത്തിന്റെ പിന്‍വശം പുറത്തെത്തിയതിനാല്‍ പെണ്‍കുട്ടിക്ക് ചില അത്ഭുതശക്തി ലഭിച്ചിട്ടുണ്ടെന്ന് അജയ് കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. പെണ്‍കുട്ടിക്ക് ഒരു നിധിയിരിക്കുന്ന ഇടം അറിയാമെന്നും, അത് കൃത്യമായി പറയാന്‍ കുട്ടിക്ക് കഴിയണമെങ്കില്‍, ചില പൂജകള്‍ നടത്തേണ്ടതുണ്ടെന്നും കുടുംബത്തെ ബോധ്യപ്പെടുത്തി. 

തുടര്‍ന്ന് പതിന്നാലുകാരിയായ പെണ്‍കുട്ടിയെ രാത്രിയില്‍ ശ്മശാനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മന്ത്രവാദത്തിന്റെ പേരില്‍ കുട്ടിയെ അടിക്കുകയും, പൊള്ളുന്ന കനലിലൂടെ നടത്തുകയും ചെയ്തു. ശേഷം മയങ്ങാനുള്ള ഗുളിക നല്‍കി, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. 

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.