ബലാത്സംഗം ചെയ്യപ്പെട്ടതായി പതിമൂന്നുകാരി ഏഴ്മാസമായി പതിനെട്ട് പേർ നിരന്തരം പീഡിപ്പിച്ചു സ്കൂളിലെ പ്രിൻസിപ്പലും അധ്യാപകരും സഹപാഠികളും ചേർന്ന്
ദില്ലി: ബീഹാറിലെ ചപ്ര ജില്ലയിൽ പതിമൂന്നു വയസ്സുള്ള പെൺകുട്ടിയെ അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ പതിനെട്ട് പേർ ലൈംഗിക പീഡനത്തിനിരയാക്കി. ഏഴ് മാസമായി സ്കൂളിലെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരും പതിനഞ്ച് വിദ്യാർത്ഥികളും തന്നെ ലൈംഗികമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രിൻസിപ്പലിനെയും ഒരധ്യാപകനെയും രണ്ട് വിദ്യാർത്ഥികളെയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ പെൺകുട്ടിയുടെ പിതാവ് ജയിലിൽ കഴിയുകയാണ്. അന്ന് മുതൽ ഇവർ തന്നെ ലൈംഗികമായി ഉപയോഗിക്കുകയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി.പതിനെട്ട് പേരുടെയും പേര് പെൺകുട്ടി തന്റെ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിൽ തന്നെയാണ് പെൺകുട്ടി ആദ്യമായി ലൈംഗിക അതിക്രമത്തിന് ഇരയായത്. സഹപാഠികളിലൊരാണ് പീഡിപ്പിച്ചത്. പിന്നീട് അയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇവർക്കൊപ്പം സ്കൂൾ പ്രിൻസിപ്പലും രണ്ട് അധ്യാപകരുമുണ്ടായിരുന്നു. പിതാവ് ജയിലിൽ നിന്നിറങ്ങിയ സമയത്താണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
ജില്ലയിലെ ഏക്മ പൊലീസ് സ്റ്റേഷൻ പെൺകുട്ടിയുടെ പരാതിയിൻമേൽ നടപടിയെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ പ്രിൻസിപ്പലും അധ്യാപകനും രണ്ട് വിദ്യാർത്ഥികളെയും ഒഴികെ ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കേസ് കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
