തലവേദനയുടെ കാരണം പിതാവ് ക്രൂരപീഡനം വെളിപ്പെടുത്തി വിദ്യാര്‍ത്ഥിനി

ദില്ലി: ദിവസങ്ങളായി തുടരുന്ന മൈഗ്രെയ്ന് ചികിത്സ തേടി എത്തിയ പെണ്‍കുട്ടി ഡോക്ടറോട് നടത്തിയ തുറന്ന് പറച്ചിലില്‍ കുടുങ്ങിയത് സ്വന്തം പിതാവ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് 17കാരി ഡോക്ടറോട് പറഞ്ഞു. കര്‍ഷകനായ അച്ഛന്‍ രാത്രിയില്‍ അമ്മയും സഹോദരിയും ഉറങ്ങിയതിന് ശേഷം തന്നെ ഉപദ്രവിക്കുകയാണെന്നും എതിര്‍ത്തപ്പോഴെല്ലാം മര്‍ദ്ദിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. 

പലതവണയായി ഇയാള്‍ തന്‍റെ പലതരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ ഫോണ്‍ മറന്നുവച്ചുവെന്നും പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. അതിന് ശേഷമാണ് തനിക്ക് മൈഗ്രേയ്ന്‍ തുടങ്ങിയതെന്നും കുട്ടി അറിയിച്ചു. 

ബീഹാറിലാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്നത്. മൈഗ്രെയ്ന്‍ കുറവില്ലാത്തതിനാല്‍ ദില്ലിയിലെ സഫ്ദര്‍ജംഗിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയിലെത്തിയതാരുന്നു. ഡോക്ടര്‍ കുട്ടിയെ പൊലീസിന് കൈമാറി. കുട്ടിയുടെ പിതാവിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വന്തം വീട്ടിനുള്ളില്‍ തന്നെയാണ് 84 ശതമാനം ലൈംഗിക പീഡനങ്ങളും നടക്കുന്നതെന്ന് 2016 ല്‍ ദില്ലി പൊലീസ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.