തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടി കോടതിയിൽ ഹർജി നൽകി. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമാണ് പെൺകുട്ടിയുടെ നിലപാട്. അതേ സമയം പെൺകുട്ടിയെ നുണപരിശോധനക്കും ബ്രെയിൻ മാപ്പിംഗിനും വിധേയമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.

ജനനേന്ദ്രിയം മുറിച്ച കേസിൽ വീണ്ടും സ്വാമിക്ക് അനുകൂലമായി പെൺകുട്ടി. പോക്സോ കോടതിയിൽ നേരിട്ടെത്തിയ പെൺകുട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകി.പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് പെൺകുട്ടിയുടെ പരാതി. പൊലീസ് നിർബന്ധിച്ചാണ് നേരത്തെ സ്വാമിക്കെതിരെ മൊഴി നൽകിയതെന്ന് പെൺകുട്ടി ഹർജിയിൽ പറയുന്നു. സ്വാമിയുടെ അഭിഭാഷകന് പെൺകുട്ടി അയച്ചുവെന്ന പറയുന്ന കത്തിലും സ്വാമിയുടെ അഭിഭാഷകനുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയിലും പറയുന്ന കാര്യങ്ങൾ തന്നെയാണ് ഹർജിയിലും ആവർത്തിക്കുന്നത് .

സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിൽ നേരത്തെ മൊഴി നൽകിയ പെൺകുട്ടി ഇപ്പോൾ നിലപാടു മാറ്റി. സ്വാമി നിരപരാധിയാണെന്ന് പറയുന്ന പെൺകുട്ടി കൃത്യത്തിന്റെ ഉത്തരവാദിത്വം കാമുകനും കാമുകന്റെ സുഹൃത്തുക്കൾക്കുമാണെന്നും കുറ്റപ്പെടുത്തുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഹർജിയിൽ പരാമർശമുണ്ടെന്നാണ് വിവരം. അതേ സമയം പെൺകുട്ടി മൊഴി മാറ്റിയ സാഹചര്യത്തിൽ പെൺകുട്ടിയെ നുണപരിശോധനക്കും ബ്രെയിൻ മാപ്പിംഗിനും വിധേയമാക്കണമെന്നാണ് പൊലീസിന്റ് ആവശ്യം. ഇക്കാര്യം കാണിച്ച് പൊലീസും കോടതിയെ സമീപിച്ചു. പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കത്തും ശബ്ദരേഖയും ഹർജിയുമെല്ലാം കേസ് വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം. സ്വാമിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. അന്ന് തന്നെ പെൺകുട്ടിയുടേയും പൊലീസിന്റേയും അപേക്ഷകളിലും തീരുമാനമുണ്ടാകാനാണ് സാധ്യത.