ഇന്തോ-നോപ്പാള്‍ ബോര്‍ഡറിലെ പിത്തേറാഗർഹ് ജില്ലയിലെ സയില്‍ ഗ്രാമത്തിലെ കുട്ടികളാണ് ഇങ്ങനെ ഒരു ദുരിതം അനുഭവിക്കുന്നത്. ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.

ഡറാഡൂണ്‍: ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന പല സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആര്‍ത്തവ സമയത്ത് വീടിന്റെ പുറത്ത് കഴിയേണ്ടി വന്ന ഒരു കുരുന്ന് ജീവന്‍ ഗജാ ചുഴലിക്കാറ്റില്‍ പൊലിഞ്ഞ കഥ വേദനയോടെയാണ് രാജ്യം ശ്രവിച്ചത്. ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോഴും ഇന്ത്യയില്‍ ഒരു ഗ്രാമമുണ്ട്, അവിടെ ഈ ഒറ്റ കാരണം കൊണ്ട് മാത്രം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാതിയിരിക്കുന്നത് ഒന്നും രണ്ടുമല്ല 80 ദിവസമാണ്. 

ഇന്തോ-നോപ്പാള്‍ ബോര്‍ഡറിലെ പിത്തോറാഗർഹ് ജില്ലയിലെ സയില്‍ ഗ്രാമത്തിലെ കുട്ടികളാണ് ഇങ്ങനെ ഒരു ദുരിതം അനുഭവിക്കുന്നത്. ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്ര നടയിൽ കൂടി മാത്രമേ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയു. അതു കൊണ്ടു തന്നെ ആ നാളുകളിൽ കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്നു. ഈ ദുരവസ്ഥ നേരിടുന്നത് കുട്ടികൾ മാത്രമല്ല. ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളും ഈ അവസ്ഥ നേരിടുന്നു. 

അതേ സമയം ഗ്രാമത്തിലുള്ളവരുടെ സമീപനം മാറ്റാൻ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പിത്തേറാഗർഹിലുള്ള ഇന്റര്‍ കോളേജ് പ്രിന്‍സിപ്പള്‍ സി പി ജോളി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഭരണകുടത്തിന്റെ കീഴിലുള്ള മൂന്നംഗ സംഘം ഗ്രാമത്തിൽ സന്ദർശനം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിൽ ഗ്രാമത്തിലെ സ്ത്രീകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി അവർ ചീഫ് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ആദ്ദേഹം കൂട്ടിച്ചേർത്തു.