നഗ്നരാക്കി പരിശോധിച്ചെന്ന് നിര്‍ഭയ കേന്ദ്രത്തിലെ അന്തേവാസി പരിശോധന താക്കോല്‍ കാണാത്തതിന് നിഷേധിച്ച് സാമൂഹ്യനീതി വകുപ്പ് 

പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തിയെന്ന് അന്തേവാസിയുടെ പരാതി. സ്ഥാപനത്തിലെ താക്കോല്‍ കാണാതായതിനാണ് 25 ലേറെ വരുന്ന പെണ്‍കുട്ടികളെ നഗ്നരാക്കി നിര്‍ത്തി ചോദ്യം ചെയ്തതെന്ന് പെണ്‍കുട്ടികളിലൊരാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സാമൂഹ്യനീതി വകുപ്പ് വിശദീകരിച്ചു.

സാമൂഹിക നീതി വകുപ്പിന് കീഴില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മാസങ്ങൾക്ക് മുൻപ് തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ വാക്കുകളാണിത്. അന്തേവാസികളെ മാനസികമായി തകര്‍ക്കുന്ന തരത്തിലുളള ജീവനക്കാരുടെ പെരുമാറ്റം പതിവെന്ന് പെൺകുട്ടി പറഞ്ഞു. 

ജീവനക്കാരുടെ പെരുമാറ്റംമൂലം, നിര്‍ഭയ കേന്ദ്രത്തിലേക്ക് തിരികെ പോകാനാവിലെന്ന് പറയുന്നവർ നിരവധിയുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിവൊന്നുമില്ലെന്നാണ് സാമൂഹ്യ നീതി വകുപ്പിന്‍റെ വിശദീകരണം. 

സുരക്ഷിതമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കാനുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന ഇടങ്ങളാകുമ്പോള്‍ എന്താണ് സുരക്ഷയുടെ മാനണ്ഡമെന്ന് അന്തേവാസികൾ ചോദിക്കുന്നു.