തിരുവനന്തപുരം: മദ്യശാല പൂട്ടിച്ച് വിദ്യാർത്ഥിനികളുടെ സമരം. തിരുവനന്തപുരം നന്തൻകോട് ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപത്ത് ഇന്ന് രാവിലെ തുടങ്ങിയ ബെവ്കോ ഔട്ട് ലെറ്റാണ് വിദ്യാർത്ഥിനികളുടെ ശക്തമായ പ്രതിഷേധം മൂലം പൂട്ടിയത്. നഗരസഭാ സെക്രട്ടറിയാണ് പൂട്ടി സീൽ വെച്ചത്.
രഹസ്യ നീക്കത്തിലൂടെയാണ് ബേക്കറി ജംഗ്ഷനിലുള്ള ബെവ്കോ ഔട്ട്ലെറ്റ് നന്തൻകോടേക്ക് മാറ്റി സ്ഥാപിച്ചത്. രാവിലെ സ്കൂളിലെത്തിയപ്പോഴാണ് തൊട്ടടുത്തുള്ള കെട്ടിടത്തിൽ മദ്യശാല പ്രവർത്തനം തുടങ്ങിയ വിവരം അറിഞ്ഞത്. ഒൻപത് മണിയോടെ കുട്ടികളും അധ്യാപകരും പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു.
സമരത്തിന് പിന്തുണയുമായി കെ.മുരളീധരൻ എംഎൽഎ അടക്കമുള്ള രാഷ്ട്രീയനേതാക്കളും സുഗതകുമാരിയുമെത്തി. പ്രതിഷേധം ശക്തമായതോടെ നഗരസഭ സെക്രട്ടറിയെത്തി ഔട്ട് ലെറ്റ് മാറ്റുമെന്ന് ഉറപ്പ് നൽകി. കെട്ടിടം പൂട്ടി സീൽവച്ചു.
പാതയോരങ്ങളിലെ മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ബേക്കറി ജംഗ്ക്ഷമിലെ മദ്യാശാല ബെവ്കോ മാറ്റിയത്. എന്നാൽ സ്കൂൾ പരിസരത്ത് മദ്യശാല തുടങ്ങരുതെന്ന ചട്ടം ബെവകോ പരിഗണിച്ചില്ല. സ്കൂൾ മാത്രമല്ല മദ്യശാല തുടങ്ങിയ കെട്ടിടത്തിന് തൊട്ടടുത്ത് ഒരു നേഴ്സറിയും ക്ലിനിക്കും കൂടിയുണ്ട്.
