റിസർവ് ബാങ്കിന്‍റെ കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തം. പണം നൽകുന്നത് രൂക്ഷമാക്കുമെന്ന് വ്യക്തമാക്കിയ ആർബിഐ ആവശ്യം നിരസിച്ചെന്നാണ് സൂചന. നീക്കത്തിനെതിരെ രാജ്യവ്യാപകപ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.
ദില്ലി: അടിയന്തരസാഹചര്യമുണ്ടായാൽ മാത്രം ഉപയോഗിക്കാൻ റിസർവ് ബാങ്ക് സൂക്ഷിയ്ക്കുന്ന കരുതൽ ധനത്തിൽ നിന്ന് മൂന്നിലൊന്ന് ഭാഗം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ കരുതൽ ധനത്തിൽ നിന്ന് പണമെടുക്കുന്നത് രാജ്യത്തിന്‍റെ സാമ്പത്തികവ്യവസ്ഥയെ ഗുരുതരമായി ബാധിയ്ക്കുമെന്ന് വ്യക്തമാക്കിയ ആർബിഐ ആവശ്യം തള്ളി.
അടിയന്തരസാമ്പത്തികപ്രതിസന്ധികൾ നേരിടാനാണ് രാജ്യത്തെ സാമ്പത്തികകാര്യങ്ങൾ നിയന്ത്രിയ്ക്കുന്ന പരമോന്നതസംവിധാനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരുതൽ ധനം സൂക്ഷിയ്ക്കുന്നത്. 9.59 ലക്ഷം കോടി രൂപയാണ് ആർബിഐയുടെ കരുതൽ ധനം. ഇതിന്‍റെ മൂന്നിലൊന്നായ 3.6 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ആർബിഐയുടെ സാമ്പത്തികമോഡൽ കാലഹരണപ്പെട്ടതാണെന്നും ഇത്രയും കരുതൽ തുക ആവശ്യമില്ലെന്നുമാണ് കേന്ദ്രസർക്കാർ വാദം. പൊതുമേഖലാബാങ്കുകൾക്ക് കൂടുതൽ നിക്ഷേപം നൽകാനായി ഈ തുക ഉപയോഗിക്കാമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ പണം നൽകാനാകില്ലെന്ന കടുത്ത നിലപാടിലാണ് ആർബിഐ. തുക വരുമാനമല്ല, നീക്കിയിരിപ്പാണെന്നും ആർബിഐ വ്യക്തമാക്കി. ഈ പണം എടുക്കാനായി ആർബിഐയുടെ സ്വതന്ത്രാധികാരത്തിൽ കൈകടത്തുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്രസർക്കാരും ആർബിഐയും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുകയാണെന്ന സൂചന പുറത്തുവരുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ. കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുമായുള്ള തർക്കത്തെത്തുടർന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ആർബിഐയുടെ തീരുമാനങ്ങളിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടൽ നടത്താവുന്ന RBI- ആക്റ്റിലെ സെക്ഷൻ 7 ഉപയോഗിച്ചതിനെതിരെ റിസർവ് ബാങ്ക് ഉന്നതമേധാവികൾക്ക് കടുത്ത അതൃപ്തിയുണ്ട്. ആർബിഐയുടെ സ്വതന്ത്രാധികാരങ്ങളിൽ ഇടപെട്ടാൽ അത് മഹാദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ നേരത്തെ ഒരു പൊതുപരിപാടിയിൽ പറഞ്ഞത്. ഇതിനിടെയാണ് കരുതൽ ധനത്തിന്‍റെ മൂന്നിലൊന്ന് നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്.
കേന്ദ്രനീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ അധികാരദുർവിനിയോഗം നടത്തുകയാണെന്നാണ് കോൺഗ്രസ് ആരോപണം. മോദിയുടെ സാമ്പത്തിക നയങ്ങളുടെ പരിണിതഫലമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പരിഹസിച്ചു. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ തകർക്കാനുള്ള കേന്ദ്രനീക്കം അനുവദിക്കരുതെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രനീക്കത്തിനെതിരെ നവംബർ 8-ന് കരിദിനം ആചരിയ്ക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ് കോൺഗ്രസ്.
READ MORE:
