പുത്തന്‍ വിസ്മയങ്ങളുമായി ദുബായി ഗ്ലോബല്‍ വില്ലേജ് തുറന്നു. ഇനിയുള്ള 159 ദിനം ലോകം ദുബായിലെ ആഗോളഗ്രാമത്തിലേക്ക് ചുരുങ്ങും. വര്‍ധിപ്പിച്ച സൗകര്യങ്ങളോടും പുതിയ വിനോദ പരിപാടികളോടെയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബൃഹത്തായ രീതിയിലാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകരെ സ്വീകരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ സന്ദര്‍ശകനും എക്കാലവും ഓര്‍മിക്കാവുന്ന അനുഭവങ്ങളാണ് ഇവിടെ കാത്തുവെച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ ഉല്ലാസ സൗകര്യങ്ങളും സംവിധാനങ്ങളും സാംസ്‌കാരിക പരിപാടികളും സമ്മേളിക്കുന്ന മേളയിലേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കുടുംബസമേതം എത്തും. കഴിഞ്ഞ രണ്ടുദശകം കൊണ്ട് വിനോദ ലോകത്ത് നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഗ്‌ളോബല്‍ വില്‌ളേജ്. വൈവിധ്യമാര്‍ന്ന ഷോപ്പിങ് അനുഭവവും വ്യത്യസ്ത രുചി മേളങ്ങളും സംസ്‌കാരിക പരിപാടികളും ഇവിടെ സമന്വയിക്കുന്നു. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകിട്ട് നാലു മണി മുതല്‍ 12മണി വരെയും വ്യാഴം,വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും രാത്രി ഒരു മണി വരെയുമാണ് പ്രവര്‍ത്തന സമയം. തിങ്കളാഴ്ച കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ.