ഗ്രൂപ്പ് അംഗങ്ങളുടെ മൊഴിയിൽ നിന്നാണ് എക്സൈസിന് വിവരം കിട്ടിയത് മദ്യം വിറ്റതിന് അജിത്തിനെതിരെ പുതിയ വകുപ്പ് എക്സൈസ് ചുമത്തി
തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ജിഎന്‍പിസി ഫെയ്സ് ബുക്ക് പേജിലുള്ളവർ കേരളത്തിലും വിദേശത്തും മദ്യസൽക്കാര പാർട്ടികളും സംഘടിപ്പിച്ചതായി തെളിഞ്ഞു. തലസ്ഥാനത്തെ പാർട്ടിയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മദ്യകമ്പനികളാണ് പാർട്ടികൾ സ്പോൺസർ ചെയ്തതെന്നാണ് എക്സൈസിൻറെ കണ്ടെത്തൽ.
ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയുമെന്ന ഫേസ് ബുക്ക് ഗ്രൂപ്പ് അഡ്മിൻ അജിത്കുമാർ പാപ്പനംകോട്ടെ തന്റെ വീടിനടുത്തുള്ള ബാർ ഹോട്ടലിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പാർട്ടിയിൽ 98 അംഗങ്ങൾ പങ്കെടുത്തുവെന്നാണ് വിവരം. സമാനരീതിയിലുള്ള പാർട്ടി വിദേശരാജ്യങ്ങളിൽ മൂന്ന് തവണ നടത്തിയെന്ന വിവരവും എക്സൈസിന് ലഭിച്ചു.
പാർട്ടിയിൽ വരുന്നവർക്ക് മദ്യം സൗജന്യമെന്ന് പരസ്യം നൽകിയ ടിക്കറ്റ് വിറ്റതിന് അജിത് കുമാറിനെ ജാമ്യമില്ലാ വകുപ്പു കൂടി എക്സൈസ് ചുമത്തി. മദ്യ കമ്പനികള്‍ സൽക്കാരങ്ങള്‍ സ്പോണ്‍സർ ചെയ്തുവെന്ന വിവരത്തെ തുടർന്ന് മുഖ്യ സംഘാടനകനായ അജിത് കുമാറിൻറെയും ഭാര്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ എക്സൈസ് പരിശോധിക്കും. വിദേശ യാത്രവിവരങ്ങളും എക്സൈസ് പരിശോധിക്കും.
ഗ്രൂപ്പിലെ അംഗങ്ങളുടെ മൊഴിയെടുത്തുവരുകയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാൻ കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിന് നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും സമാന്തരമായ അന്വേഷണം നടക്കും. അജിത്കുമാറും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. കേസിന് പിന്നാലെ ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് തർക്കവും തുടങ്ങി. അഡ്മിനെ വിമർശിച്ചതിന്റെ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് കാണിച്ച് അംഗമായ ശ്യാരാജ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ഗ്രൂപ്പ് അഡ്മിൻമാർക്കെതിരായണ് പരാതി.
