കഴിവുള്ള യുവാക്കളെ കൊണ്ടു വരുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്തു കൊണ്ട് ഗോവ പിസിസി അധ്യക്ഷന്‍ ശാന്താറാം നായിക് രാജിവച്ചു. 

ദില്ലി:പ്ലീനറി സമ്മേളനം പൂര്‍ത്തിയായതിന് പിന്നാലെ കോണ്‍ഗ്രസിലെ നേതൃമാറ്റം കൂടുതല്‍ വേഗത്തിലാവുന്നു. പാര്‍ട്ടി തലപ്പത്തേക്ക് കഴിവുള്ള യുവാക്കളെ കൊണ്ടു വരുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്തു കൊണ്ട് ഗോവ പിസിസി അധ്യക്ഷന്‍ ശാന്താറാം നായിക് രാജിവച്ചു. 

രാഹുലിന്‍റെ പ്രഖ്യാപനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജിവയ്ക്കുന്നതെന്നും യുവതലമുറ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും നായിക് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വരുന്ന ഏപ്രിലില്‍ 72 വയസ്സ് പൂര്‍ത്തിയാവുന്ന ശാന്താറാം നായിക് 7 വര്‍ഷം മുന്‍പാണ് ഗോവയിലെ കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്തത്. 

ശാന്താറാം നായികിന് പിറകേ ഗുജറാത്ത് പിസിസി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയും രാജിവയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 83- ാം പ്ലീനറി സമ്മേളനം പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല രാഹുല്‍ ഗാന്ധിക്ക് നല്‍കി കൊണ്ടാണ് പിരിഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ യുവാക്കളെ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.