ഗോവയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ഉടൻ നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. ബീച്ചിലും പാർക്കിലും മദ്യപിക്കുന്നവരുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് പരാതികൾ ഏറിയതോടെയാണ് സർക്കാർ തീരുമാനം.
വിനോദസഞ്ചാരികളുടെ പറുദീസയാണ് ഗോവ. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ ഏറെയെത്തുന്ന കടൽതീരത്ത് ഇനി മിനുങ്ങാനായി ആരും പോകേണ്ടതില്ല. പാർക്കിലും ബീച്ചിലും മറ്റുപൊതുസ്ഥലങ്ങളിലുമെല്ലാം മദ്യക്കുപ്പിയുമായി കറങ്ങിനടക്കുന്ന ടൂറിസ്റ്റുകൾ പൂട്ടുവീഴുകയാണ്. കർശന നിയമത്തിലൂടെ പൊതുസ്ഥലത്തെ മധ്യപാനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് മദ്യപിക്കാനുള്ള സൗകര്യം ഏർപെടുത്തിയാൽ ബാറുകളുടെ ലൈസൻസ് റദ്ദ് ചെയ്യുകയോ ഫൈൻ ഈടാക്കുകയോ ചെയ്യും. വിദേശികളെക്കാൾ കൂടുതൽ മറ്റ്സംസ്ഥാനത്തുനിന്നെത്തുന്ന ടൂറിസ്റ്റുകളാണ് പൊതു സ്ഥലങ്ങളിലെ പ്രശ്നക്കാരായ കുടിയൻമാർ. ചങ്ങാതിമാരുമൊത്ത് ഗോവയിൽ കറങ്ങാൻ പോകുന്നവർ വെള്ളമടിച്ച് ശല്യമുണ്ടാക്കുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബറിൽ ഗോവയിൽ രാജ്യാന്തര ചലച്ചിത്ര മേള എത്തുകയാണ്. തുടർന്ന് ടൂറിസം സീസൺ ആരംഭിക്കും. ആഭ്യന്തര ടൂറിസ്റ്റുകളാണ് പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മദ്യത്തിന് വിലക്കുറവായത് പൊതുസ്ഥലത്ത് മദ്യപാനവും കൂടാൻ കാരണമാണ്. ചലച്ചിത്രമേള സമയത്ത് ബിയർ പാർലറുകളും പൊതുസ്ഥലങ്ങളിൽ തുറക്കാറുണ്ട്. കാർണിവലുകളിലും ടൂറിസം മേളകളിലുമെല്ലാം ഇത്തരത്തിൽ പെതുസ്ഥലങ്ങളിൽ താത്കാലിക ‘ബിയർ പബ്’ കാണാം. നിലവിലെ എക്സൈസ് ആക്ടിൽ ഭേദഗതി വരുത്തി ഒക്ടോബർ അവസാനത്തോടെ വിജ്ഞാപനവും പുറത്തിറക്കാനാണ് നീക്കം. 1964ലെ ഗോവ, ദാമൻ ആൻഡ് ദിയു എക്സൈസ് ആക്ട് പ്രകാരമാണ് നിലവിൽ ഗോവയിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത്. ആഘോഷസീസണുകളിൽ കേരളത്തിൽനിന്നടക്കം ആയിരങ്ങളാണ് ഗോവയിലേക്ക് പോകാറ്.
