മലേഗാവ്: പതിനാല് വര്‍ഷം മുമ്പ് ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിന് തീവച്ച് 59 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയെന്ന് ആരോപിക്കുന്ന ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്‍ ബാട്ടുക്കാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ മലേഗാവില്‍ നിന്നാണ് ഭീകരവിരുദ്ധ സേനയും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും ചേര്‍ന്ന് ഇമ്രാമനെ അറസ്റ്റ് ചെയ്തത്. 2002 ല്‍ ഗുജറാത്തിലെ ഗോദ്രയില്‍ ട്രെയിനിന് തീവച്ച് 59 പേരെ കൂട്ടക്കൊല ആസൂത്രണം ചെയ്ത പ്രധാന പ്രതികളിലൊരാളാണ് ഇമ്രാന്‍. മലേഗാവില്‍ അനധികൃതമായി മണല്‍ ഖനനം നടത്തിവരുന്നതിനിടെയായിരുന്നു ഇയാളുടെ അറസ്റ്റ്.

കേസിലെ മറ്റൊരു പ്രധാനപ്രതിയായ ഫാറൂഖ് ഖന്നയെ കഴിഞ്ഞ മേയില്‍ ഗുജറാത്തിലെ പഞ്ച്മഹലില്‍ നിന്നും ഇതേസംഘം പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസിം ഇബ്രാഹിം ഭാമേദിയും ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. ഇയാളായിരുന്നു സബര്‍മതി എക്സ്പ്രസിന്‍റെ എസ് 6 കോച്ചിന്‍റെ ജനാലകള്‍ അടിച്ചുതകര്‍ത്തത്. കേസ്സില്‍ ഇതുവരെ 94 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പതിനൊന്നു പേര്‍ക്ക് വധശിക്ഷയും ഇരുപത് പേര്‍ക്ക് ജീവപര്യന്തം തടവും പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2002 ഫെബ്രുവരി 27 നാണ് ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസിന് തീവച്ചത്. സംഭവത്തില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടു. ഈ സംഭവമാണ് ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്കിടയാക്കിയ ഗുജറാത്ത് കലാപത്തിന് തുടക്കമിട്ടത്.