ഒരു ഗ്രാം സ്വര്‍ണവും 5000 രൂപയും രണ്ട് സെറ്റ് യൂണിഫോമുമാണ് വാഗ്ദാനം

കോയമ്പത്തൂര്‍: സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാന്‍ അധ്യാപകരും അതത് സര്‍ക്കാരുകളും പല വിദ്യകളും പ്രയോഗിക്കാറുണ്ട്. കുട്ടികള്‍ക്ക് രസകരമായ രീതിയില്‍ പ്രവേശനോത്സവം നടത്തുന്നത് കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണവുമാണ്. എന്നാല്‍ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ സ്ഥിതി മറ്റൊന്നാണ്. കോയന്പത്തൂരിലെ കൊണാര്‍പാളയത്തെ ജനങ്ങള്‍ കുട്ടികളെ പൈമറി സ്കൂളിലെത്തിക്കാന്‍ ഒരു പുതുവഴി തേടി കണ്ടെത്തി.

കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണവും 5000 രൂപയും രണ്ട് സെറ്റ് യൂണിഫോമുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു നിബന്ധനയുമുണ്ട്. സ്കൂളില്‍ പ്രവേശനം നേടുന്ന ആദ്യ 10 പേര്‍ക്ക് മാത്രമാണ് ഈ അവസരമുള്ളൂ. തങ്ങളുടെ ശ്രമം ഫലം കണ്ടുവെന്നാണ് ഹെഡ്മാസ്റ്റര്‍ രാജേഷ് ചന്ദ്ര കുമാര്‍ വൈ പറയുന്നത്. മൂന്ന് കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്നെന്നും മൂന്ന് പേര്‍ താത്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

1996 ല്‍ ഈ സ്കൂള്‍ തുറക്കുന്പോള്‍ 165 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വ്യാപക കൃഷി നാശത്തെ തുടര്‍ന്ന് ആളുകള്‍ ഗ്രാമം വിടാന്‍ തുടങ്ങിയതോടെ കുട്ടികള്‍ സ്കൂളിലെത്തുന്നതും കുറഞ്ഞു. 90 കളുടെ അവസാനം ഇത് 10 കുട്ടികള്‍ എന്ന കണക്കിലേക്ക് ചുരുങ്ങി. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വന്നതോടെ കുട്ടികളുടെ എണ്ണം 5 ആയി. അഞ്ച് വര്‍ഷം മുന്പ് താന്‍ സ്കൂളിലെത്തുന്പോള്‍ ആറ് പേരെയാണ് സ്കൂളിലെത്തിക്കാന്‍ തനിക്കായതെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു.

കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ സ്കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ നാട്ടുകാരെ വിളിച്ച് രാജേഷ് യോഗം ചേര്‍ന്നു. പ്രദേശത്തെ വ്യവസായിയായ ശേഖര്‍ ഒരു ഗ്രാം സ്വര്‍ണവും ഗ്രാമ മുഖ്യന്‍ ശെല്‍വരാജ് 5000 രൂപയും നല്‍കാമെന്ന് യോഗത്തില്‍ വ്യക്തമാക്കി. ഈ തീരുമാനം ഇവര്‍ പിന്നീട് വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയായിരുന്നു. സ്കൂള്‍ തങ്ങളുടെ അഭിമാനമാണെന്നും അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും എന്ത് വില കൊടുത്തും തിരിച്ച് പിടിക്കുമെന്നും ശെല്‍വരാജ് പറഞ്ഞു.