മികച്ച വിലയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ അവസരം
ഡോളർ ശക്തിപ്പെട്ടതോടെ യുഎഇയില് സ്വർണ്ണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വിലയിടിഞ്ഞത് സ്വർണ്ണവിപണിക്ക് കരുത്ത് പകരുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ഇതിനിടെ, ദിർഹം- രൂപ വിനിമയനിരക്കും ഉയർന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഗുണകരമായി.
ഈ വര്ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്ണ്ണ വില്പന നടന്നത്. ഗ്രാമിന് 142.75. കഴിഞ്ഞ മാസത്തെ വിലയേക്കാള് 5 ദിര്ഹം കുറവ്. ഡോളർ കൂടുതൽ കരുത്താർജിച്ചതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയില് വ്യതിയാനം അനുഭവപ്പെടുന്നത്. ഗള്ഫില് സ്കൂളുകള് അടയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവധിക്ക് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവരാണ് ഇന്ന് സ്വർണം വാങ്ങാനെത്തിയവരില് ഏറെയും. വിവിധ ജ്വല്ലറി ഗ്രൂപ്പുകൾ പ്രഖ്യാപിച്ച വേനൽക്കാല സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും കൂടി ലഭിച്ചതോടെ മികച്ച വിലയിൽ സ്വർണ്ണം വാങ്ങാന് അവസരമൊരുങ്ങി. യുഎഇയില് മൂല്യവർധിത നികുതി നിലവിൽ വന്നതിനെത്തുടര്ന്ന് സ്വർണ്ണവിപണിയിലുണ്ടായ മാന്ദ്യത്തിന് പ്രകടമായ മാറ്റം വന്നതായി കച്ചവടക്കാര് പറഞ്ഞു.
ഇതിനിടെ, ദിർഹം-രൂപ വിനിമയനിരക്കും ഉയർന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഗുണകരമായി. ഈ മാസം ആദ്യത്തോടെ ഉയർന്ന ദിർഹം-രൂപ വിനിമയനിരക്ക് 18.57 എന്ന നിരക്കിലെത്തിയതോടെ പണമിടപാട് സ്ഥാപനങ്ങളില് ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാസാവസാനമായതുകൊണ്ട് തന്നെ ക്രഡിറ്റ് കാര്ഡ് ഉപയോഗിച്ച് സ്വര്ണം വാങ്ങുകയും പണമയയ്ക്കുകയും ചെയ്തവര് കുറവല്ല.
