കൊച്ചി: നികുതിയടയ്ക്കാതെ സംസ്ഥാനത്തേക്ക് കടത്തിയ നാലു കിലോ സ്വര്‍ണവും നാലു ലക്ഷ രൂപയും കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് പിടികൂടി.കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു

കച്ചേരിപ്പടി പ്രൊവിഡന്‍സ് റോഡിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത സ്വര്‍ണം കണ്ടെത്തിയത്.സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ഷാഡോ പോലീസിന്റെ നടപടി. മുംബൈയില്‍ നിന്ന് കേരളത്തിലെ ജുവലറികള്‍ക്ക് നല്‍കാനെത്തിച്ച സ്വര്‍ണമാണിതെന്ന് പോലീസ് പറഞ്ഞു.

ജാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണകടത്ത്.കേസില്‍ രാജസ്ഥാന്‍ സ്വദേശികളായ കുന്ദന്‍സിങ്ങ് ,പ്രഹ്‌ളാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അന്തര്‍സംസ്ഥാന സ്വര്‍ണകടത്ത് സംഘത്തിന്റെ കാരിയര്‍മാരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തി.കോട്ടയം സ്വദേശി ജോര്‍ജിനായെത്തിച്ച സ്വര്‍ണമാണിതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു