ബെംഗളൂരുവിലെ അശ്വത് നഗറിൽ ബിഡിഎ മുന്നറിയിപ്പില്ലാതെ ഇരുപതിലധികം വീടുകൾ പൊളിച്ചുനീക്കി. ബിഡിഎ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചതെന്ന് അധികൃതർ അവകാശപ്പെട്ടപ്പോൾ, നടപടിയിൽ വീഴ്ചയുണ്ടായെന്ന് കമ്മീഷണർ സമ്മതിക്കുകയും പുനരധിവാസം വാഗ്ദാനം ചെയ്യുകയും ചെയ്തു. 

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം. വ്യാഴാഴ്ച വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കൊഗിലു പൊളിക്കൽ നടപടി വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നടപടി. ബി.ഡി.എ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും നാല് മണ്ണുമാന്തി യന്ത്രങ്ങളും രാവിലെ 7 മണിക്ക് സ്ഥലത്തെത്തി പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. 

ബിഡിഎയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബിഡിഎ കമ്മീഷണർ പി. മണിവണ്ണൻ സമ്മതിച്ചു. താമസക്കാർക്ക് നോട്ടീസുകൾ വഴി മുന്നറിയിപ്പ് നൽകിയതായി രേഖകളൊന്നുമില്ല. പുനരധിവാസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ബിഡിഎ ചെയ്യുമെന്നും ചെലവുകൾ വഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 13 വീടുകൾ മാത്രമാണ് പൊളിച്ച് നീക്കിയതെന്ന് ബിഡിഎ വാദിക്കുമ്പോൾ, 20 ലധികം വീടുകൾ തകർന്നതായി താമസക്കാർ പറഞ്ഞു. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ പലരും ഏകദേശം അഞ്ച് വർഷമായി പ്രദേശത്ത് താമസിക്കുന്ന വാടകക്കാരാണെന്ന് അവർ പറഞ്ഞു. 

ഹെഗ്‌ഡെ നഗറിൽ ബി‌ഡി‌എ ബദൽ താമസസൗകര്യം ഒരുക്കിക്കൊടുത്തിട്ടും, സ്ഥലം വിട്ടുപോകാൻ കുടുംബങ്ങൾ വിസമ്മതിച്ചു. ബിഡിഎ ഒരു എസ്ടിഎഫ് രൂപീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് മാസമായി നഗരസഭയുടെ ഭൂമി തിരിച്ചുപിടിക്കുകയാണെന്നും മണിവണ്ണൻ പറഞ്ഞു. വ്യാഴാഴ്ച മറ്റ് രണ്ട് പ്രദേശങ്ങളിലെ ചില കെട്ടിടങ്ങൾ എസ്ടിഎഫ് പൊളിച്ചുമാറ്റിയതായും എന്നാൽ ആ കേസുകളിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും വിരമിച്ച ജസ്റ്റിസ് നിയാസ് അഹമ്മദ് വിഷയം അന്വേഷിച്ച് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മണിവണ്ണൻ പറഞ്ഞു.