കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ സ്വര്‍ണ്ണവേട്ട.സുഡാന്‍ സ്വദേശികളായ രണ്ട് സ്ത്രീകളില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിക്കൂടി. 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായാണ് സുഡാന്‍ സ്വദേശികളായ രണ്ട് യുവതികള്‍ കസ്റ്റംസിന്റെ പിടിയിലായത്. 

സൗദി എയര്‍ലെയ്ന്‍സ് വിമാനത്തിലാണ് ജിദ്ദയില്‍ നിന്നും ഇവരെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയത്.

വസ്ത്രത്തുനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് സുഡാന്‍ സ്വദേശിനികളാണ് സ്വര്‍ണ്ണക്കടത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാവുന്നത്. ഇത് ഗൗരവകരമായാണ് കസ്റ്റംസ് വിഭാഗം കാണുന്നത്. 

പിടിക്കപ്പെട്ട സുഡാന്‍ യുവതികള്‍ പറയുന്ന കഥകള്‍ സമാനമാണ്. ബാംഗ്ലൂരില്‍ പഠിക്കുന്ന മകനെ കാണാന്‍ എത്തിയതാണെന്ന് ചിലര്‍ വിവരം നല്‍കിയപ്പോള്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ വന്നതാണെന്ന് മറ്റുള്ളവര്‍ പറയുന്നു. അതി വിദഗ്ധമായാണ് സ്വര്‍ണക്കടത്ത് നടക്കുന്നത്. പിടിക്കപ്പെടുന്നവരുടെ മൊഴികളും പരിശോധിച്ചുവരികയാണ്.

അതേസമയം വന്‍ കടത്തുകളില്‍ നിന്ന്് ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണോ നടക്കുന്നതെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ പിന്നിലുള്ള സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സുഡാന്‍ സ്വദേശിനികള്‍ക്ക് പുറമെ സ്വര്‍ണ്ണക്കടത്തിന് ശ്രമിച്ച മലയാളികള്‍ ഉള്‍പ്പെടെ ചിലരും കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പിടിയിലായിരുന്നു