കൊച്ചി: നഗരത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതിയാണ് മോഷണം നടത്തിയത്. മോഷണം നടത്തുന്ന  ദൃശ്യങ്ങൾ സിസിടിവിയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനു കിട്ടി.

കൊച്ചി നഗരത്തിലെ ബ്രോഡ്വേയിൽ പ്രവർത്തിക്കുന്ന ജെകെ ജ്വല്ലറിയിലാണ് സംഭവം. പകൽ പന്ത്രണ്ടു മണിയോടെ സ്വർണം വാങ്ങാനെന്നപേരിൽ 32 വയസ് പ്രായം തോന്നിക്കുന്ന യുവതി എത്തി. ഈ സമയം കടയിൽ ഒരു ജീനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. 

വളയും മോതിരവും വേണമെന്ന് ആവശ്യപ്പെട്ടു. ആദ്യം കുറച്ച് വളകൾ ജീവനക്കാരൻ കാണിച്ചു. പുതിയ ഡിസൈനിലുള്ള വളകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഇതിനായി ജീവനക്കാരൻ തിരിഞ്ഞപ്പോൾ മേശപ്പുറത്തിരുന്ന വളകളിലൊന്ന് യുവതി കയ്യിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ചു.

ജീവനക്കാരൻ വളകളുമായി എത്തിയപ്പോൾ അടുത്ത കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്ന അമ്മയെ വിളിച്ചു കൊണ്ടു വരാമെന്ന് പറഞ്ഞ് കടന്നു കളഞ്ഞു. സംശയം തോന്നിയ ജീവനക്കാരൻ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ആറു ഗ്രാം തൂക്കമുള്ള വളയാണ് മോഷ്ടിച്ചത്. ജ്വല്ലറി ഉടമയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.