സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ചോറ്റുപാത്രവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കവര്‍ച്ചാ സംഘം കടന്നുകളയുകയായിരുന്നു
ഹൈദരാബാദ്: ഹൈദരാബാദിലെ നൈസാം മ്യൂസിയത്തില്‍നിന്ന് വിലപിടിപ്പുള്ള ചരിത്ര പ്രാധാന്യമുള്ള വസ്തുക്കള്‍ കാണാതായി. രണ്ട് കിലോഗ്രാം ഭാരമുളി്ള സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ചോറ്റുപാത്രം, കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് കാണാതായത്. നൈസാമിന്‍റെ കാലത്തോളം പഴക്കമുള്ളതാണ് കാണാതായ വസ്തുക്കള്‍.
തിങ്കളാഴ്ച സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍നിന്ന് വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് മ്യൂസിയത്തില്‍ കവര്‍ച്ച നടന്നത്. കൊള്ളക്കാര്‍ മ്യൂസിയം തകര്‍ത്ത് ഒന്നാം നിലയിലെ ഇരുമ്പ് ഗ്രില്ലിലൂടെ അകത്ത് കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
ഒന്നാം നിലയിലെ വെന്‍റിലേറ്റര്‍ തകര്‍ത്തിട്ടുണ്ട്. കയര്‍ ഉപയോഗിച്ചാകാം അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ചോറ്റുപാത്രവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കവര്‍ച്ചാ സംഘം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം സുരക്ഷാ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഇവര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത നിരവധി വസ്തുക്കളാണ് നൈസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്നാണ് ഹൈദരാബാദ് ഭരിച്ചിരുന്ന നൈസാം രാജാവിനെ 1937 ല്‍ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. 1947 ല്‍ എലിസബത്ത് രാജ്ഞിയുടെ വിവാഹ സമയത്ത് നൈസാം വിലപിടിപ്പുള്ഴ വജ്രമാല സമ്മാനിച്ചിരുന്നു.
