ഷാര്‍ജ: രണ്ട് കോടിയില്‍ അധികം രൂപ വില വരുന്ന സൈക്കിള്‍ പരിചയപ്പെടാം. ഷാര്‍ജ ഐ മാളിലെ ഒരു കടയിലാണ് ഈ സ്വര്‍ണ്ണ സൈക്കിള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. സ്വര്‍ണ്ണം പൂശിയ മറ്റനേകം ഉത്പന്നങ്ങളും ഇവിടെയുണ്ട്.

സ്വര്‍ണ്ണത്തില്‍ കുളിച്ച് നില്‍ക്കുകയാണ് ഈ സ്പോര്‍ട്സ് സൈക്കിള്‍. 24 കാരറ്റ് സ്വര്‍ണ്ണം പൂശിയിരിക്കുകയാണ്. ഷാര്‍ജയില്‍ പുതുതായി ആരംഭിച്ച ഐമാളിലെ ഗോള്‍ഡ് ജിനി എന്ന കടയിലാണ് ഇത് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. 13 ലക്ഷം ദിര്‍ഹം ഏകദേശം രണ്ട് കോടിയില്‍ അധികം രൂപയാണ് ഈ സൈക്കിളിന്‍റെ വില. 15 മാസം കൊണ്ടാണ് ഈ സൈക്കില്‍ സ്വര്‍ണ്ണം പൂശിയെടുത്തതെന്ന് കടയുടമ ഫ്രാങ്ക് ഫെര്‍ണാണ്ടോ പറഞ്ഞു.

ഈ കടയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെല്ലാം സ്വര്‍ണ്ണ ഉത്പന്നങ്ങള്‍. ടെന്നീസ് റാക്കറ്റ്, മൈക്രോഫോണ്‍ തുടങ്ങി പേപ്പര്‍ പഞ്ചിംഗ് മെഷീനും പെന്‍സില്‍ ഷാര്‍പ്പ്നറും വരെ സ്വര്‍ണ്ണമണിഞ്ഞിരിക്കുന്നു. വിവിധ സ്വര്‍ണ്ണ പ്രതിമകളുമുണ്ട്.

 സ്വര്‍ണ്ണം പൂശിയ ഐമാക്കിന് 52,400 ദിര്‍ഹം, ഐപാഡ് മിനിക്ക് 7600 ദിര്‍ഹം, ഐഫോണ്‍ 6 എസിന് 13,440 ദിര്‍ഹം ഇങ്ങനെ പോകുന്നു വില. വജ്രം പതിച്ച ഐ ഫോണ്‍ 6 ന് വില ഇനിയും കൂടും 1,97,400 ദിര്‍ഹം. ഏകദേശം 36 ലക്ഷത്തില്‍ അധികം രൂപ. സ്വര്‍ണ്ണത്തരികളിട്ട് മനോഹരമാക്കിയ ഗ്ലാസുകളും ജഗ്ഗുകളുമുണ്ട് വില്‍പ്പനയ്ക്ക്.