ഫുട്ബോള്‍ ആരാധകന്‍ കൂടിയായ ബാര്‍ബര്‍ മരിയോ ഹവ്ലയാണ് ആരാധകര്‍ക്കായി പുതിയ ട്രന്‍ഡുമായി എത്തുന്നത്

ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കിടെ താരാരാധന തലയ്ക്ക് പിടിച്ചിരിക്കുന്നവര്‍ക്ക് പരീക്ഷിക്കാന്‍ പല മാര്‍ഗങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ താരാരാധന തലയ്ക്ക് പിടിക്കുന്ന കാഴ്ചയാണ് സെര്‍ബിയയിലെ ഈ തെരുവില്‍ കാണാന്‍ സാധിക്കുക. ഫുട്ബോള്‍ ആരാധകന്‍ കൂടിയായ ബാര്‍ബര്‍ മരിയോ ഹവ്ലയാണ് ആരാധകര്‍ക്കായി പുതിയ ട്രന്‍ഡുമായി എത്തുന്നത്. 

ആരാധകരുടെ ആവശ്യപ്രകാരം ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങളെ പ്രത്യേക രീതിയില്‍ മുടിവെട്ടി തലയില്‍ തന്നെ ഒരുക്കി നല്‍കുകയാണ് മരിയോ ചെയ്യുന്നത്. ഒമ്പത് വർഷം മുമ്പാണ് മരിയോ ഹവ്ല ഹെയർ ടാറ്റൂ പരീക്ഷിക്കാൻ തുടങ്ങിയത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമില്‍ പുട്ടിന്റെ ചിത്രമായിരുന്നു ആദ്യമായി ഹെയർ ടാറ്റൂവിനായി തിരഞ്ഞെടുത്തത്. ഇന്ന് സെർബിയയിലെ നോവി സാഡ് ന​ഗരത്തിലെ ഫാഷനായി മാറിയിരിക്കുകയാണ് ഈ ഹെയർ കട്ട്. തലയുടെ പുറകിലായാണ് ഹെയർ ടാറ്റൂ ചെയ്യുക. 

റഷ്യയിൽവെച്ചു നടക്കുന്ന ലോകകപ്പിന് സെർബിയ യോഗ്യത നേടിപ്പോഴാണ് ആരാധകർക്കായി ലോകത്തെ മികച്ച രണ്ട് ഫുട്ബോൾ താരങ്ങളുടെ മുഖം ഹെയർ ടാറ്റൂ ചെയ്യാൻ മരിയോ തീരുമാനിച്ചത്. വേൾഡ് കപ്പിന്റെ സമയത്ത് കൂടുതല്‍ ആളുകൾ ഇവിടെയെത്തുമ്പോള്‍ ടാറ്റൂവിന് ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്നാണ് ഹവ്ല പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ താരങ്ങളെ കൂടാതെ സിനിമ താരങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയും നിലവില്‍ ഹെയർ ടാറ്റൂ ചെയ്ത് നല്‍കുന്നുണ്ട്.

ഹെയർ ടാറ്റൂ ചെയ്യാൻ അഞ്ചു മുതൽ ഏഴ് മണിക്കൂര്‍ വരെ സമയമെടുക്കുമെന്ന് മരിയോ പറയുന്നു. സാധാരണ രീതിയില്‍ മുടിവെട്ടുന്നതിനേക്കാള്‍ അല്‍പം ചെലവ് കൂടുതലാണ് ഹെയര്‍ ടാറ്റൂവിന്. ഒരു ടാറ്റു ചെയ്ത് വരാന്‍ 11000 രൂപ മുതലാണ് മരിയോ ഈടാക്കുന്നത്.