സ്വവര്‍ഗ ലൈംഗികത അംഗീകരിച്ചുകൊണ്ടുള്ള  ചരിത്രപരമായ വിധിയ്ക്ക് ഇന്ത്യ സാക്ഷിയായപ്പോള്‍ പിന്തുണയുമായി ഗൂഗിള്‍ ഇന്ത്യയും ഫേസ്ബുക്കും. മഴവില്‍  പതാക ഹോം പേജില്‍ നമല്‍കിയാണ് ഗൂഗിള്‍ ഇന്ത്യ വിധിയെ സ്വാഗതം ചെയ്തത്. വെബ്പേജില്‍ സെര്‍ച്ച് ബാറിന് താഴെ മഴവില്‍ പതാക നല്‍കുക കൂടി ചെയ്തു ഗൂഗിള്‍. കഴ്സര്‍ ഈ പതാകയിലെത്തുമ്പോള്‍ 'തുല്യ നീതി ആഘോഷിക്കുന്നു' എന്ന സന്ദേശവും തെളിയുന്നു.

 

ഫേസ്ബുക്ക് ഇന്ത്യയുടെ സോഷ്യല്‍ മീഡിയ പേജ് പ്രൊഫൈല്‍ പിക്ചര്‍ നല്‍കിയതും മഴവില്‍ നിറത്തില്‍. എല്‍ജിബിടി സമൂഹത്തിന്‍റെ ചിഹ്നമായാണ് മഴവില്‍ പാതകയെ കണക്കാക്കുന്നത്.  വിധി പുറത്തുവന്നതോടെ രാജ്യം മുഴുവന്‍ ആഘോഷമാക്കുകയാണ്. 

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞത്. വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.