മലയാളത്തിന്റെ പ്രിയ സാഹിത്യകാരി കമലാസുരയ്യയുടെ ഡൂഡിലുമായാണ് ഇന്ന് ഗൂഗിള്‍ ഉണര്‍ന്നത്. പുന്നയൂര്‍കുളത്തിന്റെ പ്രണയിനിയ്ക്ക് ആദരമൊരുക്കുന്നതാണ് ആര്‍ട്ടിസ്റ്റ് മഞ്ജിത് താപ്പ് ഒരുക്കിയ ഡൂഡില്‍. എന്റെ കഥ, നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, പക്ഷിയുടെ മണം തുടങ്ങിയ കൃതികളിലൂടെ സ്ത്രീ ജീവിതങ്ങളുടെ വൈകാരികതകളെ തുറന്നെഴുതിയ മാധവിക്കുട്ടി ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

തൃശ്ശൂരിലെ പുന്നയൂര്‍കുളത്ത് 1934 മാര്‍ച്ച് 31നാണ് കമല ജനിക്കുന്നത്. മലയാളത്തിന്റെ കവി ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായരുടെയും മകളായ ആമിയ്ക്ക് പഠനത്തിനപ്പുറം സ്വപ്‌നലോകമായിരുന്നു പ്രിയം. 15-ാം വയസ്സില്‍ 1949 ല്‍ കമല മാധവദാസിനെ വിവാഹം ചെയ്തു. അമ്മാവന്‍ നാലപ്പാട്ട് നാരായണ മേനോന്റെ സ്വാധീനത്തില്‍ അമ്മയെ പോലെ എഴുതാന്‍ ആരംഭിച്ച കമലയ്ക്ക് പ്രോത്സാഹനമായത് മാധവദാസ് ആയിരുന്നു. 

 മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ എഴുതി തുടങ്ങിയ കമല, കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷ് കൃതികളും രചിച്ചു. 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ കമല, കമലാ സുരയ്യയായി. 2009, മെയ് 31 ന് മാധവിക്കുട്ടി തന്റെ ജീവിതത്തോട് വിടപറഞ്ഞു. ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു കമലയുടെ ജീവിതവും മാധവിക്കുട്ടിയുടെ എഴുത്തുകളും. ആത്മാംശങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും വേര്‍തിരിച്ചെടുക്കാനാകാത്ത രൂപമായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തുകള്‍. 

തന്റെ എഴുത്തുകളിലൂടെയും ഇപ്പോള്‍ ആത്കഥാപരമായ കമലിന്റെ പുതിയ ചിത്രം ആമിയിലൂടെയും അവര്‍ ഇന്നും ചര്‍ച്ചയാവുകയാണ്. കമല്‍ ചിത്രം ആമിയില്‍ മഞ്ജുവാര്യരാണ് മാധവിക്കുട്ടിയായി എത്തുന്നത്. കമലിന്റെ ചില പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രം മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തെ മറച്ചു വയ്ക്കുന്നതായിരിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.