പൊലീസിനെ വെട്ടിച്ച് ഗുണ്ടാ സംഘം കടന്നു
തൂശ്ശൂര്‍: തൃശ്സൂര്‍ മാളയില്‍ ഗുണ്ടാ സംഘത്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ വടിവാളും മാരകായുധങ്ങളും വീശി ഭീഷണിപ്പെടുത്തി ഗുണ്ടാ സംഘം രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാള പൊലീസ് സ്റ്റേഷന് ഒരുകീലോമീറ്റര്‍ അകലെയാണ് പൊലീസിനെ വെട്ടിച്ച് ഗുണ്ടാ സംഘം കടന്നത്.
രാത്രി പതിനൊന്ന് മണിയോടെ ഗുണ്ടാ സംഘം സഞ്ചരിച്ച കാര്‍ കാവനാട് വച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറയുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് കണ്ടെത്തിയ യുവാവിനെ അഞ്ചംഗ ഗുണ്ടാ സംഘം കയ്യേറ്റം ചെയ്തു. ഇയാള്‍ അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പൊലീസിനെ സംഘം മാരക ആയുധങ്ങള്‍ വീശി ജീപ്പില്‍ നിന്നിറങ്ങാന്‍ സമ്മതിച്ചില്ല. പൊലീസിനെ ആയുധങ്ങള്‍ വീശി ഭയപ്പെടുത്തി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കാപ്പ ചുമത്താന്‍ നിര്‍ദ്ദേശമുള്ള പ്രതികളടക്കം സംഘത്തിലുണ്ടായിരുന്നു. പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
