റോഡ് ക്ലിയറാക്കാന്‍ ഗുണ്ടകള്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷാവസ്ഥ


അരൂർ: ഗതാഗതം തടസപ്പെടുത്തി സിനിമ ഷൂട്ടിംഗ് നടത്തിയത് ചോദ്യം ചെയ്ത ബൈക്ക് വീലർ യാത്രികനെ കയ്യേറ്റം ചെയ്യാൻ ശ്രമം. അരൂർ - ഇടക്കൊച്ചി പാലത്തിനു സമീപം ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാത്രി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം തടസപ്പെടുത്തിയാണ് ഷൂട്ടിംഗ്‌ നടത്തിക്കൊണ്ടിരുന്നത്. ക്യാമറ പരിധിയിലേക്ക് കടക്കുന്നവരെ ആട്ടിപ്പായിക്കാൻ ഇരുവശവും ഗുണ്ടകളെ നിയോഗിച്ചായിരുന്നു ഷൂട്ടിംഗ് .ഏറെ നേരം കാത്തു നിന്ന ടൂ വീലർ ഉൾപ്പടെയുള്ള വാഹന യാത്രികർ വാഹനങ്ങളുമായി മുന്നോട്ടു നീങ്ങിയപ്പോൾ ഗുണ്ടകൾ അവരെ തടയുകയും അസഭ്യം പറയുകയും ചെയ്തതോടെ സംഘർഷാവസ്ഥയായി.

അരൂർ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. റോഡ് ബ്ലോക് ചെയ്യുന്നതിന് പൊലീസിൽ നിന്നോ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ അനുവാദം വാങ്ങാതെയായിരുന്നു ഷൂട്ടിംഗ്. മഴക്കാലമായതിനാൽ ബൈക്ക് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. മഴ മുഴുവൻ അവർ നനയേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.