ഇന്നലെ രാത്രി പത്തരമണിയോടെയാണ് ആക്രമണം. കണ്ണമ്മൂല പുത്തന്‍പാലം കോളനിയിലുള്ള രാജീവിന്റെ വീട്ടിലെത്തിയ അക്രമിസംഘം, ദമ്പതികളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷിന്റെ ബന്ധുവും കൂട്ടാളിയുമാണ് രാജീവ്. വെട്ടേറ്റ്, രക്തത്തില്‍ കുളിച്ച് വീട്ടിനുള്ളില്‍ കിടന്ന ദമ്പതികളെ, പൊലീസെത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരേയും ഉടന്‍ തന്നെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയരാക്കി. 

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ സംഘത്തിലെ രണ്ടുപേരെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഇന്നു രാവിലെയും പിടിയിലായി. മൂവരേയും പേട്ട പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.