കര്‍ണാല്‍: തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത. വധഭീഷണി സംബന്ധിച്ച് കര്‍ണാല്‍ പോലീസ് സ്റ്റേഷനില്‍ ഗുപ്ത പരാതി നല്‍കി. പിതാവ് മഹേന്ദര്‍ ഗുപ്തയ്ക്കൊപ്പം എത്തിയാണ് വിശ്വാസ് ഗുപ്ത പരാതി നല്‍കിയത്. ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള അവിഹിതബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷമാണ് വധഭീഷണി വന്നു തുടങ്ങിയത്. ഗുര്‍മീതിന്റെ ഗുണ്ടകളാണ് അതിന് പിന്നിലെന്നും വിശ്വാസ് വെളിപ്പെടുത്തി. 

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ പരാതി നല്‍കിയത്. ദേര സച്ചയുടെ കുര്‍ബാനി വിംഗില്‍ നിന്ന് ഭീഷണിക്കത്ത് ലഭിച്ചതായി വിശ്വാസ് ഗുപ്ത പറഞ്ഞു. ഗുര്‍മീതിന്റെ പ്രതിഛായ്ക്ക് കളങ്കം വരുത്തിയെന്നും അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നുമാണ് ഭീഷണി. 

1991ലാണ് വിശ്വാസ് ഗുപ്ത ഹണിപ്രീതിനെ വിവാഹം കഴിച്ചത്. പിന്നീട് ഹണിപ്രീതിനെ ഗുര്‍മീത് റാം റഹിം സിംഗ് ദത്തെടുത്തു. ഗുര്‍മീതിന്റെ ഏറ്റവും അടുത്ത അനുയായിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഹണിപ്രീത്. എന്നാല്‍ ഇവര്‍ തമ്മില്‍ പിതാവും മകളും തമ്മിലുള്ള ബന്ധമല്ലെന്നും അവിഹിതബന്ധമാണെന്നും വിശ്വാസ് ഗുപ്ത വെളിപ്പെടുത്തിയിരുന്നു.