കൊച്ചി: ഹര്‍ത്താലിനിടിയില്‍ കൊച്ചിയില്‍ വ്യത്യസ്തമായ ഒരു പ്രക്ഷോഭം കൂടി നടന്നു. ഡാര്‍ജിലിങ്ങില്‍ നിന്നുള്ള യുവതി യുവാക്കളാണ് ഗൂര്‍ഖലാന്‍ഡ് എന്ന ആവശ്യവുമായി കൊച്ചിയില്‍ ഐക്യദാര്‍‍ഡ്യ പ്രക്ഷോഭം നടത്തിയത്. കേരള ഗൂര്‍ഖലാന്‍ഡ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്നവരാണ് കൊച്ചിയില്‍ സംഘടിച്ച് സമരം പ്രഖ്യാപനം നടത്തിയത്.

ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഹര്‍ത്താലിനെ തുടര്‍ന്നുള്ള പ്രതിഷേധം നടത്തുമ്പോള്‍ കൊച്ചയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഒഴിഞ്ഞ മൂലയിലായിരുന്നു ഗൂര്‍ഖലാന്‍ഡ് പ്രോക്ഷോഭകരുടെ ഐക്യദാര്‍ഡ്യ സമരം. ഞങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ക്ക് സ്വന്തമായി കൃഷിയില്ല വികസന പ്രവര്‍ത്തനങ്ങളുമില്ല. അതുകൊണ്ടാണ് ബംഗാളില്‍ നിന്നും വേറിടണമെന്ന് ആവശ്യപ്പെടുന്നത്.ഞങ്ങള്‍ക്ക് പ്രത്യേകം ഭൂമി വേണ്ട. പക്ഷെ ഞങ്ങള്‍ക്ക് ഗൂര്‍ഖാലാന്‍ഡ് വേണം-പ്രക്ഷോഭകര്‍ പറഞ്ഞു.

ബംഗാളിലെ സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള മമത സര്‍ക്കാറിന്റെ നീക്കമാണ് ഡാര്‍ജലിംഗ് മേഖലയില്‍ പ്രക്ഷോഭം ശക്തമാക്കിയത്. ഗൂര്‍ഖലാന്‍ഡ് ജനമുക്തമോര്‍ച്ച ആഹ്വാനം ചെയ്ത രണ്ട് മാസം നീളുന്ന ബന്ദിനെ തുടര്‍ന്ന് പ്രദേശത്ത് സ്കൂളുകളടക്കം അടഞ്ഞുകിടക്കുകയാണ്. ഈ സമരത്തിന് പിന്തുണയുമായാണ് കൊച്ചിയിലും ഡാര്‍ജലിംഗ് മേഖലയിലുള്ളവര്‍ സംഘടിച്ച് ഐക്യര്‍ദാര്‍‍ഡ്യം അറിയിച്ചത്.