സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് സംഗീതത്തിലൂടെ പിന്തുണയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. നീതിക്കുവേണ്ടിയുള്ള ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തെ പിന്തുണച്ചു കൊണ്ട് ഗോപി സുന്ദര്‍ ഒരുക്കിയ മ്യൂസിക് വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. 

അനുജന്റെ മരണത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 768 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീജിത്തിനായി അണിനിരക്കാന്‍ ആഹ്വനങ്ങളുണ്ടായി. കക്ഷി, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം ജനക്കൂട്ടം ഒഴുകിയെത്തുകയാണ്.