ന്യൂഡല്‍ഹി: ഗോരക്പ്പൂര്‍ ആശുപത്രിയിൽ 63 കുട്ടികൾ പിടഞ്ഞുമരിച്ച സംഭവം ഓക്സിജൻ കിട്ടാത്തതുകൊണ്ടല്ലെന്ന നിലപാടിൽ ഉറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓക്സിജൻ വിതരണം നിര്‍ത്തുമെന്ന വിതരണക്കാരന്‍റെ മുന്നറിയിപ്പ് ആശുപത്രി അധികൃതര്‍ മറച്ചുവെച്ചാണ് സര്‍ക്കാരിന്‍റെ വിശദീകരണം. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത് വിവാദമാകുന്നു.

രാജ്യത്തെ തന്നെ നടുക്കിയ വലിയ ദുരന്തമാണ് ഗോരക്പ്പൂരിലെ ബി.ആര്‍.ഡി സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുണ്ടായത്. അമ്മമാരുടെയും ബന്ധുക്കളുടെയും നിലവിളികൾക്കിടയിൽ ദുരന്തം ഉണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് തലയൂരാനാണ് അഞ്ചുമാസം പൂര്‍ത്തിയാക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ശ്രമം. ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതാണ് 63 കുട്ടികളുടെ മരണത്തിന് കാരണമായതെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നതെങ്കിൽ ഇപ്പോൾ അതല്ല മസ്തിഷ്ക ജ്വരമാണ് കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിംഗും ആരോഗ്യ വിദഗ്ധരും ആശുപത്രി സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അയച്ച എയിംസ് ഡോക്ടര്‍മാരുടെ സംഘവും പരിശോധന നടത്തുകയാണ്. വിശദമായ അന്വേഷണത്തിനൊടുവിൽ മാത്രമെ യഥാര്‍ത്ഥ കാരണം പുറത്തുവരൂയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

കുടിശ്ശികയായ 66 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഓക്സിജൻ വിതരണം നിര്‍ത്തുമെന്ന് രണ്ടുതവണ വിതരണക്കാരൻ ആശുപത്രിക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യം മെഡിക്കൽ കോളേജ് അധികര്‍ സര്‍ക്കാരിനെ അറിയിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ സാഹചര്യങ്ങൾ കേന്ദ്ര സര്‍ക്കാരും നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്പ്പൂരിലേക്ക് അയച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. ചികിത്സാപിഴവ് വരുത്തിയതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിനെ സസ്പെൻ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥതല അന്വേഷണത്തിനൊപ്പം ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. മെഡിക്കൽ കോളേജ് സന്ദര്‍ശിച്ച ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതും വിവാദമാവുകയാണ്.