കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിലിടിച്ച കപ്പല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് കണ്ടെത്തിയതായി സൂചന. ബോട്ടിലിടിച്ചത് വിദേശ കപ്പലാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. അപകട സമയം കടലിലുണ്ടായിരുന്ന രണ്ടു കപ്പലുകളിലെയും പരിശോധന ഇന്ന് വൈകീട്ടോടെ പൂര്‍ത്തിയാകും. ബേപ്പൂരില്‍ ബോട്ട് തകര്‍ന്ന ഭാഗത്ത് തിരച്ചില്‍ നടത്തിയ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. പാതി മുങ്ങിയ നിലയില്‍ കണ്ടെത്തിയ ഇമ്മാനുവല്‍ ബോട്ടിന്‍റെ മധ്യഭാഗം തകര്‍ന്നത് കപ്പല്‍ ഇടിച്ചാകാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന് വിവരം നല്‍കിയിരുന്നു. 

തുടര്‍ന്ന് അപകട സമയം കടലില്‍ ഉണ്ടായിരുന്ന രണ്ടു കപ്പലുകളോടും തീരം വിട്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ച ഡയറക്ടര്‍ ഓഫ് ഷിപ്പിംഗ് ഈ കപ്പലുകളില്‍ പരിശോധന തുടങ്ങി. ഇന്ന് വൈകീട്ടോടെ ഈ പരിശോധന പൂര്‍ത്തിയാകുമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതോടെ ബോട്ടില്‍ ഇടിച്ചത് ഏത് കപ്പലാണെന്ന കാര്യം വ്യക്തമാകും. ബോട്ടിലിടിച്ചതായി കരുതുന്ന രണ്ടു കപ്പലുകളും വിദേശ കപ്പലുകളാണ്. ഒരു കപ്പല്‍ ഗുജറാത്ത് തീരത്തും മറ്റൊന്ന് മഹാരാഷ്ട്ര് തീരത്തുമാണ് ഇപ്പോഴുളളത്. ബോട്ടിലിടിച്ച കപ്പല്‍ ഏതെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഡിജി ഷിപ്പിംഗ് അധികൃതര്‍ ഈ വിവരം പുറത്തുവിട്ടിട്ടില്ല. കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പോര്‍ട്ട് തുടങ്ങി വിവിധ ഏജന്‍സികളുമായി ചേര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അന്വേഷണം നടത്തുന്നത്. അതേസമയം, അപകടത്തില്‍ കാണാതായ മൂന്നു മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല.