തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം 25 ലക്ഷമാക്കി ഉയര്‍ത്തി. വിവിധ വകുപ്പുകളില്‍ നിന്ന് ഈ തുക കണ്ടെത്തും. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാനും തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലായിരിക്കും ജോലി നല്‍കുക. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുത്തും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.
ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് താത്കാലികമായി ആഴ്ചയില്‍ 2000 രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണിത്. കടല്‍ തീരത്ത് സാമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിമുട്ടുകളും കടല്‍ഭിത്തികളും ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമുണ്ടായി. ഐഎസ്ആര്‍ഒയുമായി സഹകരിച്ച് കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് ജിപിഎസ് സംവിധാനം ഉറപ്പാക്കും.
ദുരിതം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പാക്കേജ് ആവശ്യപ്പെടും. കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണും. സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി സംഘം വേണ്ടെന്നുവച്ചു. കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും ലഭിക്കാത്ത സാഹചര്യത്തിലാണിത്.
