സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിയായ ദിലീപിന് നിയമപരമായി അവകാശം ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിയായ ദിലീപിന് നിയമപരമായി അവകാശം ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിചാരണ വൈകിപ്പിക്കാനും ഇരയെ ബുദ്ധിമുട്ടിക്കാനുമാണ് ദിലീപ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്‌മൂലം സമർപ്പിച്ചു.
വിചാരണ വൈകിപ്പിക്കാനാണ് ദിലിപ് ശ്രമിക്കുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യം അതിന്‍റെ ഭാഗമാണ്. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ല. രേഖകൾ കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ഹർജികൾ സമർപ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹർജികൾ ദിലീപ് വിവിധ കോടതികളിൽ സമർപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്കും ആക്രമിക്കപ്പെട്ട നടിക്കും മഞ്ജു വാര്യർക്കും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ദിലീപ്. ആരോപണങ്ങൾക്ക് വേണ്ടിയുള്ള ആരോപണമാണ് ദിലീപ് ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ക്ക് ഒന്നിനും തെളിവില്ല. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണ ഹർജി തള്ളണം എന്നും സർക്കാർ കോടതിയെ നിലപാട് അറിയിച്ചു. അതേസമയം ഹർജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി.
