കേരള നിയമസഭ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും) ബില്‍ 2012 ഏകകണ്ഠമായി അംഗീകരിച്ചത് 2012 ജൂലൈ 25 നാണ്. 2018 ഫെബ്രുവരി ഒന്നിനാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്.

കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുക്കം മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. 18503/ലെജി. സി 3/2013 ലോ 19022018 നമ്പര്‍ ഉത്തരവ് പ്രകാരമാണ് ലോ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ഗസറ്റ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

2018 ഫെബ്രുവരി ഒന്നിനാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. കേരള നിയമസഭ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും) ബില്‍ 2012 ഏകകണ്ഠമായി അംഗീകരിച്ചത് 2012 ജൂലൈ 25 നാണ്. നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വ്യവസായ മ്യൂസിയവും ഉല്‍പ്പാദനകേന്ദ്രവും ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. 2009 ഫെബ്രുവരി ഒന്ന് മുതല്‍ കമ്പനി പൂട്ടിയ സാഹചര്യത്തിലാണ് 175 വര്‍ഷത്തിലേറെ പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. 

മാനേജ്‌മെന്റിന്റെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പിനെ മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീവിംഗ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിന്റെ വിജയമാണ് ഇതിലൂടെ ഉണ്ടായത്. ഫാക്ടറി സംരക്ഷിക്കാനായുള്ള തൊഴിലാളികളുടെ പോരാട്ടം പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ തന്നെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും.

എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.സി.സതീശന്‍ ജനറല്‍ കണ്‍വീനറും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ രക്ഷാധികാരിയും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഗംഗാധരന്‍ ചെയര്‍മാനുമായ സമരസമിതിയാണ് 2009 മുതല്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കിയത്. സമരത്തിന് എല്ലാ പിന്തുണയുമായി എഐടിയുസി, സിപിഐ നേതൃത്വവും ഉണ്ടായിരുന്നു. 

ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേരാണ് മാനേജ്‌മെന്റ് വ്യവസ്ഥകള്‍ അംഗീകാരിച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞത്. അവശേഷിച്ച 107 പേരാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ പ്രതിമാസ ആനുകൂല്യത്തിലാണ് തൊഴിലാളികള്‍ ഇതുവരെ ജീവിതം തള്ളിനീക്കിയത്. ദുരിതം നിറഞ്ഞ ജീവിതം നയിക്കുമ്പോഴും സ്ഥാപനം സംരക്ഷിക്കപ്പെടാന്‍ വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇവരോരോരുത്തരും.

വിറ്റസ്ഥലങ്ങള്‍ ഏറ്റെടുക്കും 

നെയ്ത്ത് ഫാക്ടറിയുടെ 1.63 ഏക്കര്‍ ഭൂമി മാനേജ്‌മെന്റിന്റെ സ്വകാര്യ സംരംഭകരായ പ്യൂമിസ് പ്രൊജ്ക്ട്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് കൈക്കലാക്കിയിരുന്നു. സ്ഥലം കൈമാറ്റം പാടില്ലെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സ്ഥലകൈമാറ്റം നടന്നത്. ഒരു ടൂറിസം സൊസൈറ്റി 45 സെന്റ് ഭൂമിയും കൈക്കലാക്കി. ബില്‍ നിയമമാകുന്നതോടെ വിറ്റ സ്ഥലങ്ങള്‍ ഏറ്റെടുക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതായുണ്ട്. 

കോംട്രസ്റ്റ് ഏറ്റെടുത്ത് 2010 ജൂണ്‍ 9 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും നിയമസഭ അംഗീകരിച്ച ബില്‍ അയക്കണമെന്നായിരുന്നു രാഷ്ട്രപതി ഭവനില്‍ നിന്ന് ലഭിച്ച മറുപടി. തുടര്‍ന്ന് കോംട്രസ്റ്റ് ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനുള്ള ബില്‍ 2012 ജൂലൈ 25 ന് നിയമസഭ പാസ്സാക്കി. ഈ ബില്‍ ആഗസ്റ്റ് 16 നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമി അടക്കം 1.5547 ഹെക്ടര്‍ സ്ഥലം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കും. ബില്ലിന് അംഗീകാരം ലഭിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.