ഇന്നലെ വന്‍സംഘര്‍ഷമുണ്ടായ ഗാസിയാബാദില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറിത്തുടങ്ങി. തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്ന് ഭാരതീയ കിസാൻ സംഘ് നേതാക്കൾ അവകാശപ്പെട്ടു.
ദില്ലി: ഇന്നലെ വന്‍സംഘര്‍ഷമുണ്ടായ ഗാസിയാബാദില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറിത്തുടങ്ങി. തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്ന് ഭാരതീയ കിസാൻ സംഘ് നേതാക്കൾ അവകാശപ്പെട്ടു. ഇതേ തുടര്‍ന്നാണ് കര്‍ഷകര്‍ തിരിച്ച് സ്വന്തം നാടുകളിലേക്ക് പോകാന്‍ തയ്യാറായത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ചവരുത്തിയാല്‍ സമരം വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.
ഇന്നലെ അര്‍ദ്ധരാത്രി സമരക്കാര്‍ ദില്ലി അതിര്‍ത്തിയിലെ പോലീസ് ബാരിക്കേട് തകര്‍ത്ത് ദില്ലിയിലെ കിസാന്‍ഘട്ടില്‍ കടന്നിരുന്നു. അര്‍ദ്ധരാത്രിയില്‍ കര്‍ഷകര്‍ ദില്ലി അതിര്‍ത്തി കടന്നതോടെ സര്‍ക്കാര്‍ സമരക്കാരുമായി സന്ധിചെയ്യാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ഭാരതീയ കിസാൻ സംഘ് നേതാക്കൾ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് അവകാശപ്പെട്ടു. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. രാവിലെ തന്നെ ഭൂരിഭാഗം കര്‍ഷകരും ദില്ലി വിട്ടിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ കിസാന്‍ഘട്ടില്‍ നിന്നും പോകാന്‍ തയ്യാറായില്ല. രാത്രിയിലെ സംഘര്‍ഷത്തിനിടെ പോലീസ് തങ്ങളുടെ ട്രാക്റ്ററുകള്‍ നശിപ്പിച്ചുവെന്നും ഇത് പോലീസ് തന്നെ നന്നാക്കികൊണ്ടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ച് ഹരിദ്വാറില്‍ നിന്നാണ് ദില്ലിയിലേക്ക് കര്‍ഷകര്‍ ഭാരതീയ കിസാൻ സംഘിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ഇവരെ ഇന്നലെ പോലീസ് ദില്ലി അതിര്‍ത്തിയായ ഗാസിയാബാദില്‍ തടഞ്ഞത് ഏറെ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
