ആലപ്പുഴ: കടലിലും കായലിലും അകപ്പെടുന്നവരെ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ആലപ്പുഴയുടെ യുവ ശാസ്ത്രഞ്ജന്‍ മുഹമ്മ ഋഷികേശിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. വിദൂര നിയന്ത്രിത ബോട്ട് നിര്‍മ്മിക്കുന്നതിനുള്ള ചിലവിലേയ്ക്കാണ് 2 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച പ്രോജക്ട് ഋഷികേശ് മന്ത്രി ടി.എം. തോമസ് ഐസക്കിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ നിന്നാണ് സഹായധനം നല്‍കിയത്. 

ഗ്ലോബല്‍ സാറ്റ്‌ലൈറ്റ് മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെ ലോകത്ത് എവിടെയിരുന്നും നിയന്ത്രിക്കുകയും കാണാനും കഴിയുന്ന ബോട്ടാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. വയര്‍ലസ് വീഡിയോ സംവിധാനം ഉള്‍പ്പെടേയുള്ള സൗകര്യങ്ങള്‍ ബോട്ടില്‍ ഉണ്ടാകും. സൗരോര്‍ജ്ജം വഴി എയര്‍ പ്രൊപ്പല്ലര്‍ ഉപയോഗിച്ചാണ് ബോട്ട് സഞ്ചരിക്കുക. കടലിലും കായലിലും അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്തി കഴിഞ്ഞാല്‍ ഈ ബോട്ടില്‍ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹെലികോപ്റ്ററോ മറ്റു ബോട്ടുകളോ എത്തി അവരെ രക്ഷിക്കാന്‍ കഴിയും. 

ഏകദേശം അഞ്ച് ലക്ഷം രൂപ നിര്‍മ്മാണത്തിനായി ചിലവാകുമെന്ന് ഋഷികേശ് പറഞ്ഞു. മന്ത്രി തോമസ് ഐസക് മുന്‍കൈയെടുത്താണ് ഇപ്പോള്‍ രണ്ടു ലക്ഷം രൂപയുടെ ധനസഹായം കെഎഫ്‌സിയില്‍ നിന്നും അനുവദിപ്പിച്ചത്. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെക്ക് ഋഷികേശിന് കൈമാറി. റോഡിലൂടെ പായുന്ന പാചകവാതക ടാങ്കറുകളില്‍ ചോര്‍ച്ചയുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, എ.ടി.എം കവര്‍ച്ചകള്‍ തുടര്‍ക്കഥയായപ്പോള്‍ ഋഷികേശ് നടത്തിയ കണ്ടുപിടുത്തം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അലാറം മുഴങ്ങുന്നതോടൊപ്പം അടുത്ത പൊലീസ്‌സ്റ്റേഷനിലേക്ക് മെസേജ് എത്തിക്കുന്നതുമായ ഉപകരണമാണ് അന്ന് എടി എം കവര്‍ച്ചകള്‍ വ്യാപകമായപ്പോള്‍ ഇദ്ദേഹം കണ്ടുപിടിച്ചത്. മുഹമ്മ വഞ്ചിച്ചിറയില്‍ പരേതനായ സുകുമാരന്റേയും രത്‌നമ്മയുടേയും മകനായ ഋഷികേശ് പ്രീഡിഗ്രിക്ക് ശേഷം വിദേശത്ത് നിന്നടക്കം പുസ്തകങ്ങള്‍ വരുത്തിയായിരുന്നു സാങ്കേതിപഠനം നടത്തിയിരുന്നത്. 11 കെവി ലൈനില്‍ കറന്റ് ഉണ്ടോയെന്ന് എട്ടുമീറ്റര്‍ അകലെ നിന്ന് അറിയാവുന്ന യന്ത്രം, ഭൂചലനം വയര്‍ലസ് വഴി അറിയാനുള്ള സംവിധാനം തുടങ്ങി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ നടത്തി ഋഷികേശ് നേരത്തെ ശ്രദ്ധ
നേടിയിരുന്നു.